ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു വരുന്നെതെന്നാണ് റിപ്പോർട്ട് . 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്ബോ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനാണ് അനുമതി .
ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് ഒഴുകുന്നിടത്താണു ജലവൈദ്യുത പദ്ധതി വരുന്നത്. അരുണാചൽ കടന്ന് ബ്രഹ്മപുത്ര ഒഴുകുന്നത് ബംഗ്ലദേശിലേക്കാണ്.ലോകത്തെ ഏറ്റവും വലിയ നിർമാണ പദ്ധതിയായി അറിയപ്പെടുന്ന ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണു ബ്രഹ്മപുത്രയിലേത്.