ഇന്ത്യൻ അതിർത്തി പ്രദേശമായ ടിബറ്റിലെ മെഡോഗ് മേഖലയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും നിർമ്മിക്കാൻ ചൈന അനുമതി നൽകി.
ചൈന സാങ്പോ നദിയിൽ നിർമിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടും.
ഡിസംബർ 25 നാണ് ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകിയത്. ഏകദേശം 137 ബില്യൺ യുഎസ് ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ പ്രൊജക്റ്റ് ചൈനയുടെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമാണ്. ഏതാണ്ട് 60,000 മെഗാവാട്ടിന്റെ അണക്കെട്ടാണ് ചൈന നിർമിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ മധ്യ ചൈനയിൽ സ്ഥിതി ചെയ്യുന്ന യാങ്സി നദിയിലെ ത്രീ ഗോർജസ് അണക്കെട്ടിൻ്റെ മൂന്നിരട്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണ് സാങ്പോവിന് പ്രതീക്ഷിക്കുന്നത്. വർഷം തോറും 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഇതിലൂടെ ഉൽപ്പാദിപ്പിക്കാനാകും.
ചൈനയുടെ കാർബൺ പീക്കിംഗ്, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, എൻജിനീയറിങ് പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കും.
എന്നാൽ ചൈന ചൈനയിൽ നിർമിക്കുന്ന ഈ ഡാം ഇന്ത്യയെ എങ്ങനെ ബാധിക്കും?
ടിബറ്റിൽ നിന്ന് യാർലുങ് സാങ്പോ അരുണാചൽ പ്രദേശിലേക്ക് കുത്തനെ തിരിഞ്ഞ് പ്രവേശിക്കുന്നു, അവിടെ അത് സിയാങ് എന്നറിയപ്പെടുന്നു. അസമിൽ വച്ച് സിയാങിൽ ദിബാംഗ്, ലോഹിത് തുടങ്ങിയ പോഷകനദികൾ ചേരുന്നു, ഇത് ബ്രഹ്മപുത്ര ആയി പിന്നീട് ബംഗ്ലാദേശിൽ പ്രവേശിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
അതായത് ചൈന ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ ബ്രഹ്മപുത്ര നദിയിൽ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കുന്നു. ഇത് ഇന്ത്യയെ തകർക്കാനുള്ള ചൈനയുടെ മറ്റൊരു നീക്കമാണ് എന്ന് വേണമെങ്കിൽ കരുതാം. ഇന്ത്യയെ മാത്രമല്ല, അണക്കെട്ടിൻ്റെ നിർമ്മാണം ബംഗ്ലാദേശിനെയും ബാധിക്കും.
ഈ പദ്ധതി പ്രകാരം, പല കാര്യങ്ങളിലും ചൈനക്ക് ഇന്ത്യയേക്കാൾ മേൽക്കൈ ലഭിക്കും.
- ജല ലഭ്യതക്കായി ഇന്ത്യ ചൈനയെ ആശ്രയിക്കേണ്ടി വരും
- അണക്കെട്ടിന്മേലുള്ള ചൈനയുടെ നിയന്ത്രണം അണക്കെട്ടിന് താഴെയുള്ള ജലത്തിൻ്റെ അളവിനെ ബാധിക്കും.
- നിർമ്മാണത്തിന് ശേഷം ബ്രഹ്മപുത്ര നദിയിലെ വെള്ളം തിരിച്ചുവിടാൻ ചൈനയ്ക്ക് കഴിയും.
- അണക്കെട്ട് ഇന്ത്യയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനോ ജലക്ഷാമത്തിനോ കാരണമാകും.
- അണക്കെട്ട് ചൈനയെ ജലപ്രവാഹം നിയന്ത്രിക്കാനും യുദ്ധസമയത്ത് അതിർത്തി പ്രദേശങ്ങളിലേക്ക് വലിയ അളവിൽ വെള്ളം തുറന്നുവിടാനും അനുവദിക്കും.
- ഇന്ത്യ -ചൈന ബന്ധത്തിൽ വിള്ളൽ വീഴാനും രാജ്യങ്ങൾ തമ്മിൽ ജലയുദ്ധമുണ്ടാകാനും സാധ്യത വർധിപ്പിക്കും.
- ചൈനയുടെ അണക്കെട്ട് ബ്രഹ്മപുത്ര ആവാസവ്യവസ്ഥ പൂർണ്ണമായും ദുർബലമാക്കും.
അണക്കെട്ട് നിർമിക്കുന്ന പ്രദേശം ഇന്ത്യൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റ് മായി കൂട്ടിയിടിക്കുന്ന പ്രദേശമാണ്. ഭൂമിശാസ്ത്രപരമായി അസ്ഥിരമായതിനാൽ ഭൂകമ്പത്തിന് സാധ്യത ഏറെയുള്ള പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയാണിത്.
ബ്രഹ്മപുത്രയിലെ ഗ്രേറ്റ് ബെൻഡിൽ പുതിയ ജലവൈദ്യുത പദ്ധതി വന്നാൽ, ഇടുക്കിക്ക് മുല്ലപെരിയാർ എന്ന പോലെ, വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും പൊട്ടി വീഴാവുന്ന ജലബോംബുണ്ടെന്ന പ്രതീക്ഷയുമായി ഉറങ്ങേണ്ടി വരും.