തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് – പുതുവത്സര ബംബർ 2024-25 (BR-101) ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന. ഈ മാസം 17-നാണ് ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചത്, ക്ഷണനേരത്തിനുള്ളിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റ് കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ്-നവവത്സര ബമ്പറിനെ അപേക്ഷിച്ച് ഇക്കൊല്ലം വിറ്റുവരവ് വളരെ വേഗത്തിലാണ്.
ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഡിസംബർ 23-നു വൈകിട്ട് 5 മണിയ്ക്ക് 13,48,670 ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 2,75,050 ടിക്കറ്റുകൾ പാലക്കാട് ജില്ലയിലാണ് വിറ്റത്. 1,53,400 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ തൃശ്ശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
സമ്മാനഘടനയിലും ഇക്കുറി വ്യത്യാസമുണ്ട്. ഒന്നാം സമ്മാനമായി 20 കോടി ലഭിക്കുമ്പോൾ, 20 പേർക്കു 1 കോടി രൂപ വീതം രണ്ടാമത്തേയും 30 പേർക്കു 10 ലക്ഷം വീതം മൂന്നാമത്തേയും സമ്മാനങ്ങൾ ലഭിക്കും. 3 ലക്ഷം വീതം 20 പേർക്ക് നാലാം സമ്മാനമായി നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. ക്രിസ്മസ് പുതുവത്സര ലോട്ടറിയുടെ വില 400 രൂപയാണ്. 2025 ഫെബ്രുവരി 5-ന് നറുക്കെടുപ്പ് നടക്കും.