കണ്ണൂർ: ജനുവരിയിൽ കാര്യമായ മഴ ലഭിക്കാത്തതോടെ സംസ്ഥാനം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് ഇന്ന് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഇന്ന് (ഞായറാഴ്ച) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രേഖപെടുത്തിയത്. അനദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജാഗ്രതയും തുടരണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നിയിപ്പ് നൽകിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇതിനോടകം ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.