തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന് സംസ്ഥാന അധ്യക്ഷ പി സതീദേവി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങള്‍ മറനീക്കി പുറത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായി. ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടങ്ങളില്‍ വനിതാ കമ്മിഷന് ഇടപെടല്‍ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷന് കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാല്‍ അത് പ്രാബല്യത്തില്‍ വരുത്താന്‍ ഇടപെടല്‍ നടത്തുമെന്നും സതീദേവി പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് ഹൈക്കോടതി രൂപീകരിച്ചിരുന്നു.
വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹര്‍ജികള്‍ കേള്‍ക്കുക.വിഷയത്തിന്റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. സജിമോന്‍ പാറയിലിന്റെ ഹര്‍ജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക.