പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാൻ കഴിയുമെങ്കിലും ഒട്ടും രാഷ്ട്രീയ പക്വതയില്ലാത്ത പെരുമാറ്റ രീതിയാണ് കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നത്. പാർട്ടിയുടെ നിലനിൽപ്പിന് നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പക്ഷേ അതിന്റെ യാതൊരു കോളും കാറ്റും കോൺഗ്രസിനില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ചേക്കാമെന്ന സാധ്യത കണ്ടപ്പോൾതന്നെ കോൺഗ്രസിലെ തമ്മിലടി രൂക്ഷമാകുകയായിരുന്നു. ജനം അധികാരം കൊടുക്കുന്നതിനു മുൻപുതന്നെ മുഖ്യമന്ത്രിപ്പട്ടത്തിനുള്ള യുദ്ധമാരംഭിച്ചു.
വി.ഡി. സതീശനോ രമേശ് ചെന്നിത്തലയോ എന്നതാണ് ചോദ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ സുധാകരൻ സേഫ് ആണ്. തമ്മിലടി ബാക്കിയുള്ളവർ തമ്മിലായി. തനിക്കു മുഖ്യമന്ത്രിയാകാനായില്ലെങ്കിൽ അധികാരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയിലേക്ക് കോൺഗ്രസ് നേതാക്കൾ താഴുമെന്ന പ്രതീക്ഷ എൽഡിഎഫിനുണ്ട്. അതായത്, ആദ്യമൊക്കെ കോൺഗ്രസ് മുക്തഭാരതം ആഗ്രഹിച്ച മോദിയും ബിജെപിയും താമസിക്കാതെ കോൺഗ്രസ് ഉള്ളതാണ് തങ്ങൾക്കു ഗുണപ്രദം എന്നു തിരിച്ചറിഞ്ഞതുപോലെയാണ് ഇവിടുത്തെയും കാര്യങ്ങൾ.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒന്നിച്ചൊരു പത്രസമ്മേളനം നടത്താൻ പോലും സാധിക്കുന്നില്ല. രമേശ് ചെന്നിത്തലയും പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ടെങ്കിലും നേതാക്കളിലെ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു. രമേശ് ചെന്നിത്തല സ്വന്തം നിലയ്ക്കുള്ള പ്രവർത്തനങ്ങളാണ് അധികവും നടത്തുന്നത്. മലയോര യാത്രയുമായി പാർട്ടിയെ സംഘടിപ്പിച്ചുകൊണ്ട് സതീശൻ ഒരുവശത്ത് മുന്നേറിയപ്പോൾ രമേശ് ചെന്നിതല സൂപ്പർ പ്രതിപക്ഷ നേതാവായി മറ്റൊരു വഴിയെ യാത്ര നടത്തുകയായിരുന്നു.
കണ്ണൂരിൽ നിന്നാണ് പ്രതിപക്ഷ നേതാവിന്റെ മലയോര യാത്ര ആരംഭിച്ചത്. സതീശൻ കണ്ണൂരിൽ ആരംഭിച്ചപ്പോൾ, അതേ സമയത്ത് രമേശ് ചെന്നിത്തല പാലക്കാട് എലപ്പുള്ളിയിലെ മദ്യശാല തുടങ്ങുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു. യാത്ര നിലമ്പൂരിൽ എത്തി പി വി അൻവർ പങ്കെടുക്കുമ്പോൾ ചെന്നിത്തല പാലക്കാട് ജില്ലയിലെ നെന്മാറയിൽ ചെന്താമര അനാഥമാക്കിയ മക്കളെ കാണുകയായിരുന്നു. കണ്ണൂർ സതീശൻ മാധ്യമങ്ങളെ കണ്ടപ്പോൾ പാലക്കാട് അതേസമയത്ത് ചെന്നിത്തലയും മാധ്യമങ്ങളെ കണ്ടു. നിലമ്പൂരിൽ വേദിയിൽ സതീശൻ സംസാരിക്കുമ്പോൾ നെന്മാറയിൽ ചെന്നിത്തല അതേ സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഹൈക്കമാന്‍ഡിനും താത്പര്യം സതീശനോടാണ്. മാത്രമല്ല യൂത്ത്കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും സതീശനുണ്ട്. എന്നാല്‍ ചെന്നിത്തല ഇതിന് പ്രതിരോധം തീര്‍ക്കാന്‍ സാധ്യതയുണ്ട്. അതിനായി മുതിര്‍ന്ന നേതാക്കളുടെയടക്കം പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം നേതാക്കള്‍ക്കിടയില്‍ നടക്കുന്നുമുണ്ട്. മത സാമുദായിക സംഘടനകളുടെ പിന്തുണ അധികവും രമേശ് ചെന്നിത്തലയ്ക്ക് ആണ്. അതിനിടെ ഇവിടുത്തെ പ്രശ്നം പരിഹരിക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ജീവനുംകൊണ്ട് ഓടിപ്പോയെങ്കിലും വീണ്ടുമെത്തിയിട്ടുണ്ട്.
നേതാക്കളിലെ അനൈക്യം തത്കാലം വെടിനിർത്തലിൽ എത്തിക്കാനായാലും അണികളിലേക്കും പടർന്നിരിക്കുന്ന ശീതസമരം വോട്ടിൽ പ്രതിഫലിച്ചാൽ സിപിഎമ്മിനും ബിജെപിക്കും സന്തോഷിക്കാനുള്ള വകയുണ്ടാകും.മൂന്നു തവണ പ്രതിപക്ഷത്തിരിക്കേണ്ടിവന്നാൽ പിന്നെ കോൺഗ്രസിന്റെ സ്ഥാനം തങ്ങൾക്കു ലഭിക്കുമെന്ന് ബിജെപിക്കുമറിയാം. കോൺഗ്രസിന്റെ അണികൾക്കും അനുഭാവികൾക്കും മനസിലായത് പക്ഷേ, നേതാക്കളുടെ തലയിൽ കയറിയിട്ടില്ല. നേരിയ ഭൂരിപക്ഷത്തിനു ജയിക്കാനിടയുള്ള മണ്ഡലങ്ങളിൽ ഈ പ്രാദേശികയുദ്ധം വിധിനിർണായകമാകും. അങ്ങനെ പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുത്തിയ പാരമ്പര്യം കോൺഗ്രസിനുണ്ട്. അതുതന്നെ കേരളത്തിൽ ആവർത്തിക്കപ്പെടുമോ എന്ന് ചിന്തിക്കുന്നവരും പാർട്ടിയിലുണ്ട്.