കല്‍പ്പറ്റ: കോണ്‍ഗ്രസിന് ഒറ്റ ശത്രുവേയുള്ളൂ അത് ഇടതുപക്ഷമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. തൃശ്ശൂരില്‍ എല്‍ഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നുവെന്നും, കളവ് പറയുന്നതിനും മാന്യത വേണമെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥി സത്യന് മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് എ വിജയരാഘവന്റെ പ്രതികരണം.
വ്യക്തികള്‍ തമ്മില്‍ അല്ല മത്സരം നടക്കുന്നത്. രാഷ്ട്രീയ നിലപാടുകള്‍ തമ്മിലാണ്. ഇടതു വിരുദ്ധരെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ സ്വീകാര്യരാക്കുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിട്ട് പുറത്തേക്ക് വരുന്ന സ്ഥിതിയാണ്. വിദ്യാസമ്പന്നനായ, സാമൂഹ്യ സേവന സന്നദ്ധനായ ആള് പുറത്തേക്ക് വന്നതാണ് പാലക്കാട് കണ്ടതെന്നും
വിജയരാഘവന് പ്രതികരിച്ചു.
പാലക്കാട്ടെ അന്‍വറിന്റെ കണ്‍വന്‍ഷനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സിനിമ ഷൂട്ടിങ്ങിന് പോകുന്ന പോലെയാണ് പ്രകടനത്തിന് അന്‍വര്‍ ആളെയെത്തിച്ചതെന്നും ഇന്നലത്തെ പ്രകടനം കണ്ടപ്പോഴാണ് അന്‍വറിന്റെ കരുത്ത് ശരിക്കും മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയുള്ള അന്‍വറിന്റെ പിന്തുണയാണ് സതീശനും സുധാകരനും തേടിയതെന്നും എ.വിജയരാഘവന് കുറ്റപ്പെടുത്തി.