കേരള രാഷ്ട്രീയത്തിൽ ഒരുപാട് പ്രകമ്പനങ്ങൾ സൃഷ്ടിച്ച് ഒരുകാലത്ത് എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടിയ നേതാവായിരുന്നു വി ടി ബൽറാം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ് എഡിറ്റർ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ സജീവമായി നിലകൊണ്ട നേതാവായിരുന്നു വി ടി ബൽറാം.
രണ്ട് വട്ടം തൃത്താലമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ബൽറാം, 2021 ഏപ്രിലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.ബി രാജേഷിനോട് പരാജയപ്പെടുകയായിരുന്നു. അന്ന് പരാജയത്തിലേക്ക് നയിക്കപ്പെട്ട ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്വീകാര്യമായ നേതാവിൽ നിന്നും തീർത്തും അഹങ്കാരിയായ ഒരാളിലേക്കുള്ള ബൽറാമിന്റെ പരിവേഷം തന്നെയാണ് പരാജയത്തിന് വഴിയൊരുക്കിയത്.
എകെജിക്കെതിരായ സാമൂഹ്യ മാധ്യമത്തിലൂടെയുള്ള വിമർശനം മണ്ഡലത്തിൽ ബൽറാമിന് അവമതിപ്പ് സൃഷ്ടിക്കുന്നതിന് ഇടവരുത്തി. എകെജിയെ വിവാഹം കഴിക്കുമ്പോൾ സുശീല ഗോപാലന്റെ പ്രായം 22 ആയിരുന്നു എന്നും, അങ്ങനെയായിരുന്നുവെങ്കിൽ പത്ത് വർഷത്തോളം നീണ്ട പ്രണയം തുടങ്ങുന്ന കാലത്ത് അവർക്ക് എത്ര വയസ്സ് ഉണ്ടാകുമെന്ന് കണക്കാക്കാവുന്നതേയുളളു എന്നുമാണ് അന്ന് ബൽറാം പറഞ്ഞത്. ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവായിരുന്നു എകെജി. സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക പ്രവർത്തകനും തൊഴിലാളി നേതാവുമായിരുന്നു എകെജി. അങ്ങനെയുള്ള എ കെ ജിയെ ആണ് വി ടി ബൽറാം എം എൽ എ ബാലപീഡനം നടത്തിയ കമ്മി നേതാവ് എന്ന് വിളിച്ചത്. അതും പ്രത്യേകിച്ച് ഒരു പ്രകോപനവും കൂടാതെ.
ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില് നടന്ന ഒരു ചർച്ചയ്ക്കിടെയാണ് വി ടി ബൽറാം എം എൽ അതുമായി ബന്ധമില്ലാത്ത ഒരു കമന്റിൽ എകെജിയെക്കുറിച്ച് ഇങ്ങനെ ഒരു പരാമർശം നടത്തിയത്. ഇത് പൊതുസമൂഹത്തിൽ ബൽറാമിനെതിരായ ചർച്ചകൾക്ക് വഴിവെച്ചു. പരാജയത്തിനു പോലും കാരണമാവുകയും ചെയ്തു. അപ്പോഴും പാർട്ടി പ്രവർത്തകർക്കിടയിൽ ബൽറാം അവരുടെ പ്രിയപ്പെട്ട നേതാവ് തന്നെയായിരുന്നു.
എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഗ്രൂപ്പ് വ്യത്യാസങ്ങൾക്കപ്പുറത്തേക്ക് തൃത്താലയിലെ മുഴുവൻ നേതാക്കന്മാർക്കും ബൽറാമിനോട് എതിർപ്പ് തന്നെയാണ്. കഴിഞ്ഞ ദിവസം തൃത്താല കോൺഗ്രസ് നേതൃ യോഗത്തിൽ കൂട്ടത്തല്ല് വരെ നടന്നിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി സി സി ഭാരവാഹി ആക്കിയതിലായിരുന്നു സംഘർഷം.
വി ടി ബൽറാമിന്റെ നോമിനിയെ പാലക്കാട് ഡി സി സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ, ഐ വിഭാഗങ്ങൾ വി ടി ബൽറാം ഗ്രൂപ്പുമായി തർക്കമുണ്ടാകുകയായിരുന്നു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെയും കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മാസ്റ്ററുടേയും സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല് നടന്നത്. ജനകീയ വിഷയങ്ങളിൽ ഇടപെടാതെ സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഇടപെട്ടുകൊണ്ട് മുന്നോട്ടുപോയത് ബൽറാമിന് സൃഷ്ടിച്ച തിരിച്ചടികൾ ചെറുതൊന്നുമല്ല.
ഏറെക്കുറെ പാലക്കാടിന്റെ രാഷ്ട്രീയ ചിത്രത്തിൽ ബൽറാമിന് യാതൊരു പ്രസക്തിയും ഇല്ലെന്ന് വേണം പറയുവാൻ. മുൻപ് കെഎസ്യുവിന്റെ സംഘടന ചുമതല ബൽറാമിന് ആയിരുന്നു. ആ കാലത്ത് കെഎസ്യുവിനെ തിരിഞ്ഞു നോക്കുക പോലും അദ്ദേഹം ചെയ്തിരുന്നില്ല. എന്നാൽ കെഎസ്യുവിൽ പുനസംഘടന ഉണ്ടെന്നപ്പോൾ തന്നെ അറിയിച്ചില്ലെന്നു പറഞ്ഞ് ചുമതല ഒഴിഞ്ഞു കൊണ്ട് ഒരു ഷോ ഇറക്കുവാൻ ബൽറാം സമയം കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് കെപിസിസിയുടെ സാമൂഹ്യ മാധ്യമ ചുമതല ഇദ്ദേഹത്തിന് കിട്ടുമ്പോഴും യാതൊന്നും ചെയ്തിരുന്നില്ല.
ഇപ്പോൾ ഇടതുപാളയത്തിൽ ആണെങ്കിലും സരിൻ സാമൂഹ്യ മാധ്യമങ്ങളിലെ കോൺഗ്രസ് മുന്നേറ്റത്തിന് ആത്മാർത്ഥമായി പണിയെടുത്ത് ഒരാളാണ്. ഏറെക്കുറെ അടുത്ത തവണ തൃത്താലയിൽ എല്ലാ ഗ്രൂപ്പ് സംവിധാനങ്ങളും ഒരുമിച്ച് ബൽറാമിനെ വേണ്ടെന്നു പറയുവാനാണ് സാധ്യത. കെപിസിസിയുടെ പ്രത്യേക താൽപര്യപ്രകാരം ഇനി ബൽറാം മത്സരിച്ചാലും എട്ടുനിലയിൽ പൊട്ടും എന്നതിൽ യാതൊരു സംശയവുമില്ല.
ബൽറാം എന്ന പേരിനപ്പുറത്തേക്ക് തൃത്താലയിൽ ചർച്ചകളും ആരംഭിച്ചിരിക്കുന്നു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും യുവ നേതാവുമായ ഒ കെ ഫാറൂഖിന്റെ പേരാണ് സജീവമായ പരിഗണനയിൽ ഉള്ളത്. മണ്ഡലത്തിൽ ഉടനീളം ഉള്ള വ്യക്തി ബന്ധങ്ങളും സ്വീകാര്യതയും ഫാറൂഖിന് അനുകൂല ഘടകങ്ങളായി പാർട്ടി കരുതുന്നു. തൃത്താല കോൺഗ്രസിന് അനുകൂലമായ മണ്ണാണ്. ജനങ്ങളുമായി അടുപ്പമുള്ള, സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരാൾ വന്നാൽ യുഡിഎഫിന് അനായാസം വിജയിക്കുവാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.