കൊല്ലം: സംഘടനാ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ കെപിസിസിയുടെ നടപടി. മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡര്‍ ഫണ്ട് അടക്കമുളള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്കി ചുമതലയില്‍ നിന്ന് മാറ്റി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പിലാക്കും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എന്നിവരുമായി ആലോചിച്ച് സംഘടനാ ചുമതലയുള്ള കെപിസിസി സെക്രട്ടറി എം.ലിജുവാണ് ജില്ലാ നേതൃയോഗത്തില്‍ തീരുമാനം അറിയിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളുടെ അസംബ്ലി മണ്ഡലങ്ങളില്‍ ഉള്ളവരാണ് നടപടിക്ക് വിധേയരായത്. ഇന്നലെ നടന്ന നേതൃയോഗത്തില്‍ പങ്കെടുക്കാത്ത ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവരോടു ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്കി. വിട്ടുനിന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ ഡിസിസി പ്രസിഡന്റിന് 5 ദിവസത്തിനകം മറുപടി നല്‍കണം. ഇത്രയും നേതാക്കള്‍ക്ക് എതിരെ ഒരുമിച്ചു സംഘടനാ നടപടി വരുന്നത് ആദ്യമാണ്. 14 ജില്ലകളിലും കെപിസിസി ജില്ലാതല നേതൃയോഗങ്ങള്‍ നടത്തിവരികയാണ്.
ബ്ലോക്ക് കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എല്ലാ ജില്ലയിലും എത്തിച്ചേരും. ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളുടെയും പ്രവര്‍ത്തനവും വിലയിരുത്തും. ഇവര്‍ക്ക് ചോദ്യാവലി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുമായാണ് ദീപദാസ് മുന്‍ഷിയുമായി തിരുവനന്തപുരത്ത് ഡിസിസി, കെപിസിസി ഭാരവാഹികള്‍ കൂടിക്കാഴ്ചയ്ക്ക് എത്തേണ്ടത്.
ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് – മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ പ്രവര്‍ത്തനം ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ഡിസിസി പ്രസിഡന്റും നേരിട്ടു വിലയിരുത്തും. നേതാക്കളെ ഡിസിസിയില്‍ വിളിച്ചു വരുത്തി റിപ്പോര്‍ട്ട് പരിശോധിക്കും. കൂടാതെ നിയോജക മണ്ഡലം കോര്‍ കമ്മിറ്റിയും നേതൃയോഗവും 11 അസംബ്ലി മണ്ഡലങ്ങളിലും വിളിച്ചു കൂട്ടി തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ നടത്തും.
ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത എം.ലിജുവും ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പഴകുളം മധുവും സംഘടനാ പ്രവര്‍ത്തനത്തിന് വീഴ്ച വരുത്തുന്ന നേതാക്കള്‍ക്ക് എതിരെ ആഞ്ഞടിച്ചു. യോഗം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുമായി ബന്ധപ്പെട്ടാണ് അച്ചടക്ക നടപടികള്‍ക്കുള്ള അനുമതി നേടിയത്.
അതേസമയം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ നേതൃയോഗം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് അധികാരം നല്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് – മണ്ഡലം പ്രസിഡന്റുമാരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നടപടി ശുപാര്‍ശ ചെയ്യുവാന്‍ അസംബ്ലി ചുമതലയുള്ള മുതിര്‍ന്ന കെപിസിസി നേതാക്കളെ യോഗം ചുമതലപ്പെടുത്തി.