കോഴിക്കോട് ജില്ലയിൽ 20 വർഷമായി സ്വന്തമായി ഒരു എംഎൽഎ ഇല്ലെന്ന ക്ഷീണം കോൺഗ്രസിനുണ്ട്. 2006 മുതലിങ്ങോട്ടുള്ള നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. മുന്നണിയെ കാത്തതാകട്ടെ മുസ്ലീം ലീഗും. 2006ല്‍ കോഴിക്കോട്ടെ 12 നിയമസഭാ സീറ്റുകളില്‍ 11 സീറ്റിലും ഇടതുപക്ഷം വിജയം നേടിയപ്പോള്‍ കുന്ദമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് പിന്തുണയോടെ ജയിച്ച യു സി രാമന് മാത്രമാണ് വിജയം നേടാനായത്. 2011ല്‍ 13 നിയമസഭാ സീറ്റുകളില്‍ 10ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് നേടിയ മൂന്ന് സീറ്റിലും വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികളായിരുന്നു. തിരുവമ്പാടിയില്‍ നിന്നും മോയിന്‍ കുട്ടിയും കോഴിക്കോട് സൗത്തില്‍ നിന്നും എം കെ മുനീറും കൊടുവള്ളിയില്‍ നിന്ന് വിഎം ഉമ്മറുമാണ് യുഡിഎഫ് പ്രതിനിധികളായി നിയമസഭയില്‍ എത്തിയത്. 2016ല്‍ 13 സീറ്റുകളില്‍ 11 സീറ്റും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് ജയിച്ച രണ്ടും ലീഗിന്റെ സീറ്റുകളായിരുന്നു. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളളയും കോഴിക്കോട് സൗത്തില്‍ എം കെ മുനീറും. ഏറ്റവും അവസാനം നടന്ന 2021ലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയും കോഴിക്കോട് സൗത്തില്‍ നിന്ന് മാറിയ എം കെ മുനീര്‍ കൊടുവളളിയിലും വിജയിച്ചു.
എം കെ മുനീർ മാറിയ കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയാണ് ഉണ്ടായത്. 2001ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന് ആറ് സീറ്റുകളില്‍ വിജയിക്കാനായപ്പോള്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു എന്നതൊഴിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുണ്ടായിട്ടില്ല. ഇതിന് ഇപ്പോൾ കോൺഗ്രസിന്റെ പക്കൽ മണ്ഡലങ്ങൾ ഒരു പരിഹാരമുള്ളത് ലീഗ് നിലവിൽ മത്സരിക്കുന്ന ചില സീറ്റുകൾ ഏറ്റെടുത്ത് മത്സരിച്ചു വിജയിക്കുക എന്നതാണ്. നിലവില്‍ മുസ്ലീം ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിച്ചാല്‍ വിജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 2016ല്‍ ലീഗ് സ്ഥാനാര്‍ത്ഥി വി എം ഉമ്മര്‍മാസ്റ്ററെ പരാജയപ്പെടുത്തി സിപിഎമ്മിലെ ജോര്‍ജ് എം തോമസ് പിടിച്ചെടുത്ത മണ്ഡലമാണ് തിരുവമ്പാടി. 2021ലും ലീഗിന് മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
സി പി ചെറിയ മുഹമ്മദിനെ തോല്‍പ്പിച്ച് സി.പി.എമ്മിലെ ലിന്റോ ജോസഫാണ് തിരുവമ്പാടിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്. തുടര്‍ച്ചയായി രണ്ട് വട്ടം ലീഗ് തോറ്റ മണ്ഡലം ഏറ്റെടുക്കുന്നത് ഗുണകരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഹൈന്ദവ വിഭാഗത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയം ഉറപ്പാക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കത്തോലിക്ക സഭാ നേതൃത്വം പോലും മുന്നോട്ടുവച്ചിരുന്നു. ലീഗ് അതിന് വഴങ്ങിയിരുന്നില്ല. ലീഗിന് നൽകിയ മറ്റൊരു മണ്ഡലമായിരുന്നു പേരാമ്പ്ര. ലീഗ് സ്ഥാനാര്‍ത്ഥിയായി സി എച്ച് ഇബ്രാഹിം കുട്ടി മത്സരിച്ചിട്ടും ഇടത് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനോട് 22,592 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഈ സീറ്റ് ലീഗില്‍ നിന്നും തിരിച്ച് വാങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പുതിയ പരീക്ഷണത്തിനാണ് ശ്രമം. കൊയിലാണ്ടി മണ്ഡലത്തിലേക്ക് വരുമ്പോൾ മുൻ കെഎസ്യു സംസ്ഥാന പ്രസിഡന്റും നിലവിലെ എൻഎസ് യുഐ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്തിന്റെ പേരാണ് കോൺഗ്രസ് നേതാക്കളുടെ മനസ്സിൽ ഉള്ളത്.കെഎം അഭിജിത്ത് എ ഗ്രൂപ്പ് വിഭാഗക്കാരനാണ്.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ അഭിജിത്തിനെ പരിഗണിച്ചിരുന്നു. പിന്നീട് എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് തന്നെ തൽക്കാലം തുടരുക എന്ന നിർദ്ദേശമാണ് അഭിജിത്തിന് ഗ്രൂപ്പ് നൽകിയത്. അടുത്ത യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ അഭിജിത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നായിരുന്നു അന്നത്തെ എ ഗ്രൂപ്പിലെ ധാരണ. അധ്യക്ഷ പദവിയിലേക്ക് എ ഗ്രൂപ്പ് സജീവമായി പരിഗണിച്ചിരുന്നത് തിരുവനന്തപുരത്തുനിന്നുള്ള ജെ എസ് അഖിലിനെയായിരുന്നു. അഖിലിനെ നോമിനിയാക്കാനായിരുന്നു എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾക്ക് താത്പര്യം. എന്നാൽ രാഹുലിന് വേണ്ടി ഷാഫി പറമ്പിൽ കടുംപിടുത്തം പിടിച്ചതോടെയാണ് ഗ്രൂപ്പ് നേതൃത്വം ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം കയ്യെത്താ ദൂരത്ത് നഷ്ടപ്പെട്ടതോടെ എംഎൽഎ സ്ഥാനാർത്ഥിത്വം അഭിജിത്തിന് നിർബന്ധമായും നൽകണമെന്ന് എ ഗ്രൂപ്പ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സംഘടനയ്ക്ക് നടത്തുവാനായ മുന്നേറ്റങ്ങളാണ് അഭിജിത്തിന് കൂടുതൽ സാധ്യതകൾ നൽകുന്നത്. രാഷ്ട്രീയ വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകളും സമരരംഗങ്ങളിലെ സജീവതയും അഭിജിത്തിന് മുതൽക്കൂട്ടാണ്.
കെഎസ്യു പ്രസിഡന്റ് ആയിരിക്കെ സംസ്ഥാനത്തൊട്ടാകെ ആഴത്തിലുള്ള ബന്ധങ്ങൾ അഭിജിത്തിന് ഉണ്ടായിരുന്നു. പൊതുവേ എല്ലാവർക്കും സ്വീകാര്യമാകുന്ന പെരുമാറ്റമാണ് അഭിജിത്തിന്റെത്. ഈ മണ്ഡലങ്ങൾക്കപ്പുറം കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും പാർട്ടിക്ക് ഉള്ളിലും പുറത്തു നിൽക്കുന്ന പരമാവധി ജനസമ്മതിയുള്ള നേതാക്കളെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുവാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.