സംസ്ഥാനത്ത് സർക്കാരിനെതിരെ ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ അധികാര തർക്കം വീണ്ടും തുടർ ഭരണത്തിന് വഴിയൊരുക്കുവാനാണ് സാധ്യത. വിലക്കയറ്റവും ക്ഷേമ പദ്ധതികളുടെ അഭാവവും സർക്കാരിനെതിരെ വലിയ തോതിലുള്ള ജന വികാരം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. കോടതികൾ പോലും സർക്കാരിനെ വലിയതോതിൽ പല ഘട്ടങ്ങളിലും വിമർശിച്ചിട്ടുണ്ട്. സിപിഎം സമ്മേളനങ്ങൾ പോലും സർക്കാരിനെതിരെ മോശം വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. സിപിഎം അണികളും കടുത്ത നിരാശയിൽ തന്നെയാണ്. എന്നാൽ സാഹചര്യം ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കി നിൽക്കുമ്പോൾ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും അധികാരത്തിനു വേണ്ടിയുള്ള യുദ്ധങ്ങളും വീണ്ടും ഇടതിന്റെ തുടർ ഭരണത്തിന് കളമൊരുക്കുകയാണ്. മുഖ്യമന്ത്രി പദം മുന്നിൽ കണ്ട് ഇപ്പോഴേ കോൺഗ്രസ്സിൽ അടി തുടങ്ങി കഴിഞ്ഞു. സാമുദായിക ശക്തികളെ കൂട്ട് പിടിച്ച് ഹൈക്കമാൻ്റിനെ സമ്മർദ്ദത്തിലാക്കാനാണ് നിലവിൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നത്. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഒപ്പം നിർത്തിയുള്ള നീക്കമാണ് രമേശ് ചെന്നിത്തല നടത്തുന്നത്.
2026-ൽ യു.ഡി.എഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം വി.ഡി സതീശൻ തട്ടിയെടുത്തത് പോലെ, മുഖ്യമന്ത്രി സ്ഥാനം കൈവിട്ട് പോകരുതെന്നത്, ഇപ്പോൾ ചെന്നിത്തലയുടെ വാശി കൂടിയാണ്. അതിനുള്ള കരുക്കളാണ് അദ്ദേഹം നീക്കി കൊണ്ടിരിക്കുന്നത്. 2026 കഴിഞ്ഞാൽ, പിന്നെ തനിക്കൊരു അവസരം ഇല്ലെന്ന യാഥാർത്ഥ്യവും രമേശ് ചെന്നിത്തല മനസ്സിലാക്കുന്നുണ്ട്. കോൺഗ്രസ്സിൽ പ്രതിപക്ഷ നേതാവായിരുന്ന നേതാക്കളെല്ലാം പിന്നീട് മുഖ്യമന്ത്രിമാരായിട്ടുണ്ട്. ആ ചരിത്രമാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ വി.ഡി സതീശനും ആഗ്രഹിക്കുന്നത്. സതീശന് മുൻപ് പ്രതിപക്ഷ നേതാവായ ആൾ എന്ന നിലയിലും, സീനിയർ നേതാവാണ് എന്ന പരിഗണനയും തനിക്ക് ലഭിക്കണമെന്നതാണ് രമേശ് ചെന്നിത്തലയുടെ ആഗ്രഹം. ഈ ആഗ്രഹം യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളും ചെന്നിത്തല ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനതൊട്ടാകെ ഓടിനടന്ന് അദ്ദേഹം പാർട്ടി പരിപാടികളിലും പൊതു പരിപാടികളിലും സജീവ സാന്നിധ്യമായി മാറുന്നുണ്ട്. വി ഡി സതീശനെ എതിർക്കുന്ന എല്ലാവർക്കും രമേശ് ചെന്നിത്തല സ്വീകാര്യനല്ലെങ്കിലും നിലവിൽ തിരുപാധിക പിന്തുണ ചെന്നിത്തലയ്ക്ക് നൽകുന്നുണ്ട്. ഒരേസമയം എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഒപ്പം നിർത്തിയും ലീഗിനെ കൂട്ട് പിടിച്ചും മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ചെന്നിത്തലയുടെ പുതിയ നീക്കം വി.ഡി സതീശന് ഏറെക്കുറെ തിരിച്ചടിയാണ്. കഴിഞ്ഞദിവസം സതീശൻ എൻഎസ്എസിനെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് വർഗീയശക്തികൾ കടന്നു വരാതിരിക്കുവാൻ കാരണമാകുന്നത് എൻഎസ്എസിനെ പോലെയുള്ള സംഘടനകളുടെ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരം പറച്ചിലുകൾ കൊണ്ട് സതീശനെതിരായ എൻഎസ്എസിന്റെ കലിപ്പ് അടങ്ങണമെന്നില്ല. നീണ്ട 11 വർഷത്തിന് ശേഷമാണ് എൻ.എസ്.എസ് നേതൃത്വവുമായി രമേശ് ചെന്നിത്തല ഇപ്പോൾ വീണ്ടും അടുത്തിരിക്കുന്നത്. ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യ പ്രഭാഷകനായാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്.
സതീശനും സാമുദായിക സംഘടനകളെ ചേർത്തുനിർത്തുവാൻ ശ്രമിക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷനിൽ പങ്കെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 135 വർഷമായി മാരാമൺ കൺവൻഷൻ നടക്കുന്നുണ്ട്. ഇതിൽ പ്രസംഗിക്കാനായി ഇതുവരെ ക്ഷണിക്കപ്പെട്ട നേതാക്കൾ രണ്ടേ രണ്ടുപേർ മാത്രമാണ്. അതിൽ ഒന്ന് സി.അച്യുതമേനോനാണ്. 1974-ൽ മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു അദ്ദേഹം മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചിരുന്നത്.എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും യുവ നേതാക്കളെ ഉൾപ്പെടെ ഒപ്പം നിർത്താൻ സതീശന് കഴിഞ്ഞിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി എ നിലയിൽ കെ.സി വേണുഗോപാലിനും കെ.പി.സി.സി അദ്ധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരനും, സംഘടനയിൽ സ്വാധീനമുണ്ട്. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ അനാഥമായ എ ഗ്രൂപ്പിനെ ശക്തമാക്കുവാനുള്ള ശ്രമങ്ങളും ഒരുവശത്തു നടക്കുന്നുണ്ട്. വരുന്ന തദ്ദേശസ്വയംഭരണ നിയമസഭാ തിരഞ്ഞെടുപ്പുകളെ ഗ്രൂപ്പുകളുടെ കരുത്ത് തെളിയിക്കാനുള്ള അവസരങ്ങൾ കൂടിയായിട്ടാണ് എല്ലാവരും നോക്കി കാണുന്നത്. തിരഞ്ഞെടുപ്പിന് ഒന്നേകാൽ വർഷം ബാക്കി നിൽക്കെ ഇതാണ് യു.ഡി.എഫിലെ സ്ഥിതിയെങ്കിൽ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും സീറ്റ് നിർണ്ണയത്തിലും എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അടക്കം ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിലെ അടി ഇങ്ങനെ തന്നെ പോയാൽ തിരിച്ചടി കിട്ടുന്നത് കോൺഗ്രസുകാർക്ക് മാത്രമായിരിക്കില്ല, പിണറായി ഭരണത്തിന് അന്ത്യം കുറിക്കുവാൻ ആഗ്രഹിക്കുന്നവർക്കും അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുന്നവർക്കും കനത്ത പ്രഹരം തന്നെയായിരിക്കും