പി വി അൻവർ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനം കോൺഗ്രസിനെ കൂടുതൽ വലച്ചിരിക്കുകയാണ്. അൻവറിൻ്റെ അപ്രതീക്ഷിത രാജി യുഡിഎഫിനെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥി ആരാകണമെന്ന നിർദ്ദേശം അൻവർ മുന്നോട്ട് വച്ചത്, കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അൻവർ ശുപാർശ ചെയ്ത ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയാൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസ്സ് പിളരും.
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസ് വിട്ടാൽ, അത് മലപ്പുറത്തെ യുഡിഎഫിന് വലിയ പ്രഹരമായി മാറും. വാർത്താ സമ്മേളനത്തിൽ അൻവർ ഷൗക്കത്തിനെ പരിഹസിക്കുകയും ചെയ്തിരുന്നു. ആര്യാടൻ ഷൗക്കത്ത് ആരാണ് എന്നായിരുന്നു അൻവറിൻ്റെ ചോദ്യം. ആര്യാടൻ മുഹമ്മദിന്റെ മകനല്ലേ, സിനിമ എടുക്കുന്ന ആൾ അല്ലെ എന്നൊക്കെ ചോദിച്ച അൻവർ, ഷൗക്കത്തിന് വിജയ സാധ്യത ഇല്ലെന്നും തുറന്നടിച്ചിട്ടുണ്ട്.
അൻവറിൻ്റെ ഈ പ്രതികരണം നിലമ്പൂരിലെയും മലപ്പുറത്തെയും കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല, നേതാക്കൾക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതായത്, അൻവറിനെ ചൊല്ലി കോൺഗ്രസ് തന്നെ രണ്ട് ചേരിയായ അവസ്ഥയാണ് നിലവിലുള്ളത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് ഏത് വിധേനെയും മുടക്കുക എന്നതു തന്നെയാണ് അൻവർ ലക്ഷ്യമിടുന്നത്. അതേസമയം, ചേലക്കരയിൽ അൻവറിൻ്റെ നിർദ്ദേശം തള്ളിയ കോൺഗ്രസിന്, നിലമ്പൂരിൽ അത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ല. കാരണം, വ്യക്തിപരമായി അൻവർ കളത്തിലിറങ്ങിയാൽ, ഒരുപാട് വോട്ടുകൾ അദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിയും.
തദ്ദേശ തെരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപ് നടക്കുന്ന ഉപതെരഞ്ഞെടുപ്പായതിനാൽ, വിജയിക്കേണ്ടത് യുഡിഎഫിനെ സംബന്ധിച്ച് നിർണായകവുമാണ്. സർക്കാരിനെയും മുഖ്യമന്ത്രിയെയും, പി വി അൻവർ കടന്നാക്രമിച്ചതു പോലെ മറ്റൊരു നേതാവും കടന്നാക്രമിച്ചിട്ടില്ല. പ്രതിപക്ഷത്തേക്കാൾ കടുത്ത വിമർശങ്ങൾ ആണ് ഭരണപക്ഷത്തിന്റെ ഭാഗമായ അൻവർ നടത്തിയിരുന്നത്. സിപിമ്മിന്റെ പരാജയം നിലമ്പൂരിൽ ഉറപ്പാക്കേണ്ടത് പി വി അൻവറിനും അനിവാര്യമാണ്.
നിലമ്പൂരിൽ യുഡിഎഫിനെ പിന്തുണയ്ക്കുക വഴി തൃണമൂൽ കോൺഗ്രസ്സിനെ യുഡിഎഫിൽ എത്തിക്കുക എന്നതാണ് അൻവറിൻ്റെ ലക്ഷ്യം. തൻ്റെ കോൺഗ്രസ്സ് പ്രവേശനത്തിന് പാരവച്ച ആര്യാടൻ ഷൗക്കത്തിനെ ഒതുക്കുക എന്നതും അൻവറിൻ്റെ മറ്റൊരു ലക്ഷ്യമാണ്. ഉപതെരഞ്ഞെടുപ്പിൽ വി എസ് ജോയി മത്സരിച്ച് ജയിച്ചാൽ നിലമ്പൂരിൽ മത്സരിക്കുക എന്ന ആര്യാടൻ ഷൗക്കത്തിൻ്റെ ആഗ്രഹമാണ് പൊലിയുക.
യുഡിഎഫ് സംവിധാനത്തിൽ മലപ്പുറം ജില്ലയിൽ നാല് നിയമസഭാ സീറ്റുകളിലാണ് കോൺഗ്രസ്സ് മത്സരിക്കാറുള്ളത്. നിലമ്പൂർ, തവനൂർ, പൊന്നാനി, വണ്ടൂർ മണ്ഡലങ്ങളാണിത്. തവനൂരും പൊന്നാനിയും കോൺഗ്രസിന് കിട്ടാക്കനിയാണ്. തവനൂരിൽ ഒരുപക്ഷെ അൻവർ സ്ഥാനാർഥി ആക്കുന്നതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയുവാൻ കഴിയില്ല. സംവരണ മണ്ഡലമായ വണ്ടൂരിൽ എ.പി അനിൽകുമാറാണ് എംഎൽഎ. അടുത്ത തവണയും ഈ സീറ്റ് അനിൽകുമാറിനു തന്നെ നൽകാനാണ് സാധ്യത. ശക്തമായ പോരാട്ടം കാഴ്ചവച്ചാൽ, പിടിച്ചെടുക്കാൻ പറ്റുമെന്ന് കോൺഗ്രസ്സ് വിശ്വസിക്കുന്ന മണ്ഡലം നിലമ്പൂരാണ്. ദീർഘകാലം ആര്യാടൻ മുഹമ്മദ് കുത്തകയാക്കി വച്ച ഈ മണ്ഡലം, സിപിഎം നൽകിയ പിന്തുണയുടെ കരുത്തിലാണ് 2016 ൽ പി വി അൻവർ പിടിച്ചെടുത്തിരുന്നത്. 2021ൽ ഈ വിജയം ആവർത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
= ഇടതുപക്ഷത്ത് നിന്നും പുറത്തു വന്ന അൻവറിന്, ഒറ്റയ്ക്ക് നിന്നു മത്സരിച്ചാൽ വിജയിക്കാൻ ഒരു സാധ്യതയും ഇല്ലാത്തതിനാലാണ്, രാജിവച്ചശേഷം, തന്ത്രപരമായ നിലപാട് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. വി എസ് ജോയി നിലമ്പൂരിൽ സ്ഥാനാർത്ഥി ആയാലും ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാലും കോൺഗ്രസ്സ് വോട്ട് ബാങ്കിൽ അടിയൊഴുക്കുകളും, കാലുവാരലും ശക്തമായി തന്നെ നടക്കും. ഇപ്പോൾ തന്നെ, ജില്ലയിലെ കോൺഗ്രസ്സ് രണ്ട് ചേരിയായാണ് മുന്നോട്ട് പോകുന്നത്.
ആര്യാടൻ ഷൗക്കത്ത് ഒരു വിഭാഗത്തും, വി.എസ് ജോയി – എ.പി അനിൽകുമാർ എന്നിവർ മറുഭാഗത്തുമായാണ് പ്രവർത്തനം. ഇതിൽ ശക്തൻ ആര്യാടൻ ഷൗക്കത്ത് തന്നെയാണ്. അദ്ദേഹത്തിൻ്റെ പിതാവ് ജീവിച്ചിരുന്ന കാലത്ത്, ആര്യാടൻ കോൺഗ്രസ് എന്നാണ് എ വിഭാഗം ജില്ലയിൽ അറിയപ്പെട്ടിരുന്നത്. ഈ വിഭാഗം ഇപ്പോഴും ജില്ലയിൽ ശക്തമാണ്. കോൺഗ്രസ് എന്തായാലും ഇന്നത്തെ സാഹചര്യത്തിൽ ആര്യാടൻ ഷൗക്കത്തിനെ പിണക്കുവാൻ വഴിയില്ല. എന്നാൽ ജോയിയെ തള്ളുവാനും ഇടയില്ല.
ജോയ് മലപ്പുറത്തെ കോൺഗ്രസിനെ നയിക്കുവാൻ തുടങ്ങിയിട്ട് വലിയ മുന്നേറ്റം ജില്ലയിൽ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന ധാരണ കെപിസിസി നേതൃത്വത്തിന് ഉണ്ട്. എറണാകുളം കഴിഞ്ഞാൽ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും ജോയി തന്നെയാണ്. എന്തായാലും അൻവറിന്റെ രാജി കോൺഗ്രസിനെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ പ്രതിസന്ധിയെ കോൺഗ്രസ് എങ്ങനെ അതിജീവിക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.