ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ദത്തെടുക്കുന്നതിന് പിതാവായ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയുടെയും അവരുടെ രക്ഷിതാക്കളുടെയും സമ്മതം മാത്രം മതിയെന്ന് ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വ്യക്തമാക്കി.കുഞ്ഞിനെ ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികളും അതിജീവിതയും അമ്മയും ചേർന്ന് നൽകിയ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
കുഞ്ഞിന്റെ പിതാവിന്റെ സമ്മതം ഇല്ലാത്തതിനാൽ ബെംഗളൂരുവിലെ യലഹങ്ക സബ് രജിസ്ട്രാർ ദമ്പതികളുടെ അപേക്ഷ തള്ളിയതിനെ ചോദ്യം ചെയ്താണ് ഹർജി. ‘അപേക്ഷ അപൂർണ്ണമാണ’ന്ന കാരണമാണ് സബ് രജിസ്ട്രാർ തള്ളിയത്.
പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നുണ്ട്. 16കാരിയായ പെൺകുട്ടി 2024 സെപ്റ്റംബറിൽ കുഞ്ഞിനെ പ്രസവിച്ചിരുന്നു. 2023 നവംബർ 1 മുതൽ 2024 ജൂൺ 20 വരെയുള്ള കാലയളവിൽ പ്രതി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതും, പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതും.