എറണാകുളം: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സിപിഎമ്മിൻ്റെ സ്വീകരണം. മൂവാറ്റുപുഴ സബ് ജയിലിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകരെ മുദ്രാവാക്യം വിളിച്ചും രക്തഹാരമണിയിച്ചുമാണ് സ്വീകരിച്ചത്. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, ടോണി ബേബി, റിന്‍സ് വര്‍ഗീസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
അതേ സമയം, ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ചിത്രം കണ്ട് ഇതല്ല പ്രതികളെന്ന് കൗണ്‍സിലര്‍ കലാ രാജു പ്രതികരിച്ചിരുന്നു. കേസില്‍ 45 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ അടുത്ത ദിവസം തന്നെ കോടതി പരിഗണിക്കും.