വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതിൽ ഗുരുതര ആരോപണവുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ അട്ടിമറിച്ചത് കാരണം തെരഞ്ഞെടുപ്പ് മത്സരം അവസാനിപ്പിക്കാൻ ബൈഡൻ നിർബന്ധിതനായെന്ന് ട്രംപ്.
മിനിസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് ഡെമോക്രാറ്റുകൾക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചത്.’14 ദശലക്ഷം വോട്ടുകളുള്ള ഒരാളുടെ അട്ടിമറിയായിരുന്നു ഇത്. അയാൾ മത്സരിക്കാൻ ആഗ്രഹിച്ചു. അവർ ബൈഡനെ മൽസരിക്കാൻ അനുവദിച്ചില്ല. മോശമായി പെരുമാറി. ബൈഡനെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രസിഡന്റ് ആണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
25-ാം ഭേദഗതി ചൂണ്ടിക്കാട്ടിയാണ് അവർ ബൈഡനെ ഭീഷണിപ്പെടുത്തിയത്. നിങ്ങൾ മാനസികമായും ശാരീരികമായും കുഴപ്പക്കാരനാണെന്നും പുറത്തുപോയില്ലെങ്കിൽ 25-ാം ഭേദഗതിയിലൂടെ പുറത്താക്കുമെന്നും അവർ പറഞ്ഞു. അദ്ദേഹം ധീരനും ധൈര്യശാലിയുമായിരുന്നുവെന്നും സ്ഥാനാർഥിത്വത്തിൽ നിന്ന് മാറാൻ നിർബന്ധിതനായെന്നും ട്രംപ് ആരോപിച്ചു.