പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും ചുമത്തി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കായംകുളം സ്വദേശിയായ നൗഫൽ. 2020 സെപ്റ്റംബർ 6ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. അടൂർ ജനറൽ ആശുപത്രിയിൽ നിന്നു പന്തളത്തെ കോവിഡ് സെൻററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചത്.
ആരോഗ്യ വകുപ്പിന്റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 ആംബുലൻസിന്റെ ഡ്രൈവറാണ് നൗഫൽ. ശേഷം പ്രതി ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. പോലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ തന്നെ പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്തിയിരുന്നു. പീഡന ശേഷം ആശുപത്രിയിലെത്തിയ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.