കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദ കാണിക്കുന്നില്ലെന്ന് സി പി ഐ. ഇന്ത്യാ സംഖ്യത്തിലെ ഘടക കക്ഷിയെന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് സി പി ഐയുടെ പരാതി. സി പി ഐ ദേശീയ ജനറൽ സെക്രട്ടറി എ രാജയാണ് തങ്ങളുടെ അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.
ഇന്ത്യാ സഖ്യത്തിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ സീറ്റുകള്‍ നല്കാന് തയ്യാറായില്ലെന്നും എല്ലാ ഘടക കക്ഷികളേയും ഒരുപോലെ പരിഗണിച്ചിരുന്നുവെങ്കില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും രാഷ്ട്രീയ നേട്ടമുണ്ടായേനെ എന്നും എ രാജ പറയുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നാണ് ഇന്ത്യാ സഖ്യത്തിലെ പ്രമുഖ കക്ഷി ആം ആദ്മി പാര്‍ട്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്. അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആം ആദ് മി പാര്‍ട്ടി ഡല്‍ഹിയില്‍ തനിച്ച് മത്സരിക്കുമെന്ന സൂചന നല്‍കിയത്.

ഇന്ത്യാ സഖ്യത്തില്‍ ഏറെ പിന്തുണ ലഭിച്ചിരുന്ന നേതാവാണ് ഡല്‍ഹി മുഖ്യമന്ത്രി കൂടിയാ അരവിന്ദ് കെജരിവാള്‍. മദ്യ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിന് കോണ്‍ഗ്രസ് നേതൃത്വം അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയിരുന്നത്.
അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ സഖ്യം ഒറ്റക്കെട്ടായി നില്ക്കാന് വഴിയൊരുക്കിയതാവട്ടെ രാഹുല്‍ ഗാന്ധിയായിരുന്നു. എന്നാല്‍ സഖ്യത്തിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അതിനുള്ള വഴിയൊരുക്കിയതുമില്ല. മറ്റു പാര്‍ട്ടികള്‍ക്കും ഹരിയാനയില്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നല്കാന് തയ്യാറായില്ല. സി പി ഐ പോലുള്ള പാര്‍ട്ടിയെ ചൊടിപ്പിക്കുന്നതും ഇതാണ്.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ആവശ്യമായ പരിഗണന സി പി ഐക്ക് ലഭിച്ചില്ലെന്നാണ് എ രാജയുടെ പരാതി. ദേശീയതലത്തില്‍ വലിയ ശക്തിയൊന്നുമില്ല സി പി ഐ. എന്നാല്‍ ഇന്ത്യാ സഖ്യത്തിന് ഏറെ താല്പര്യമെടുത്ത നേതാക്കളില്‍ ഒരാളാണ് എ രാജ. എന്നിട്ടും സി പി ഐയെ ഒരു വിധത്തിലും പരിഗണിക്കുന്നില്ലെന്നാണ് പരാതി.
ആം ആദ്മി പാര്‍ട്ടിയും സി പി ഐയും കോണ്‍ഗ്രസിന്റെ ഏകാധിപത്യ പ്രവണതയെയാണ് കുറ്റപ്പെടുത്തുന്നത്. സഖ്യകക്ഷികളെ ഒരുമിച്ചു നിര്‍ത്തുന്ന രീതിയല്ല കോണ്‍ഗ്രസിനെന്ന ആരോപണം സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യാ സഖ്യം രൂപീകരിച്ച വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞിരുന്നു. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസിനെതിരെ പരസ്യ നിലപാടുമായി രംഗത്തുവന്നിരുന്നു. ഇതെല്ലാം ഘടകകക്ഷികള്‍ക്കിടയില്‍ ആശങ്കയുളവാക്കിയിരുന്നു.