സന്ദീപ് വാര്യര്‍ക്കെതിരായ സിപിഐഎമ്മിന്റെ പത്രപ്പരസ്യവിവാദം കത്തുന്നു. സന്ദീപ് ബിജെപിയില്‍ ആയിരിക്കെ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞ് സുന്നി മുഖപത്രങ്ങളിലാണ് പരസ്യം എന്നതാണ് വിവാദത്തിന് കാരണം. സിഎഎ നടപ്പാക്കും എന്നത് ഉള്‍പ്പെടെയുള്ള പഴയ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളുടെ പാലക്കാട് എഡിഷനിലാണ് പരസ്യം.
വര്‍ഗീയ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമിട്ടതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം, പരസ്യത്തിന് ജില്ലാ ഭരണകൂടത്തിന്റെ മോണിറ്ററിംഗ് സെല്ലിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന വാര്‍ത്ത പുറത്തു വന്നത് സിപിഐഎമ്മിന് തിരിച്ചടിയായി.

പത്രപ്പരസ്യത്തെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷും എകെ ബാലനും രംഗത്തെത്തി. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്നും അതിന്റെ ഉള്ളടത്തില്‍ വ്യത്യാസം ഉണ്ടെന്നുമായിരുന്നു രാജേഷ് പറഞ്ഞത്. കോണ്‍ഗ്രസ് പരാജഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
വടകരയില്‍ കണ്ട കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തിന്റെ മോഡിഫൈഡ് വേര്‍ഷനാണ് ഇതെന്ന് ഷാഫി പറമ്പില്‍ എംപി വിമര്‍ശിച്ചു. പരസ്യം യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് സിപിഐഎമ്മിന്റെ പത്രപ്പരസ്യ നീക്കം. കഴിഞ്ഞ ദിവസം ബാബറി മസ്ജിദ് തകര്‍ത്ത സമയത്തെ ലീഗ് നിലപാട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പാണക്കാട് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിരുന്നു. അതിന്റെ ബാക്കിയാണ് പത്രപ്പരസ്യം. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്ക്കുന്ന മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കുക എന്നതാണ് എല്‍ഡിഎഫ് ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.