തിരുവനന്തപുരം: ഇപി ജയരാനെ എല്‍ഡിഎഫ് കണ്വീനന് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. ഒരുമാസം നീണ്ട് നില്ക്കുന്ന സമ്മേളനത്തില്‍ തെറ്റ്തിരുത്തല്‍ നയരേഖയില്‍ ഊന്നിനിന്നുള്ള ചര്‍ച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക. മാസപ്പടിയും കരിമണല്‍ വിവാദവും ഇപി ജയരാജന്റെ ബിജെപി കൂടിക്കാഴ്ചയുമടക്കം നിരവധി വിഷയങ്ങള്‍ ഈ സമ്മേളനകാലത്തുണ്ട്. പാര്‍ട്ടി ചട്ടങ്ങളില്‍ നിന്ന് മാറി നടന്ന് ഇപിയെ പുറത്താക്കി തെറ്റ് തിരുത്തല്‍ മുകള്‍തട്ടില്‍ നിന്ന് നേതൃത്വം തുടങ്ങി.
24 ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി സമ്മേളനങ്ങളാണ് 30 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുക. കഴിഞ്ഞ സമ്മേളനകാലത്തില് നിന്ന് വ്യത്യസ്തമായി രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരായ ജനവികാരമാണ് ഈ സമ്മേളനകാലത്ത്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടെന്നാണ് താഴെ തട്ടിലുള്ള വികാരം.
നിലവിലുള്ള സംഘടനാ പോരായ്മകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തമാക്കുകയെന്നതാണ് സമ്മേളന ലക്ഷ്യം. ആലപ്പുഴയിലും പാര്‍ട്ടി തട്ടകമായ കണ്ണൂരിലും പാര്‍ട്ടിയില്‍ തുടരുന്ന കടുത്ത ഭിന്നിപ്പ് പ്രതിസന്ധിയാണ്. സമ്മേളനങ്ങളിലെല്ലാം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉറപ്പാണ്. ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ ബിജെപിയെ കൂടി നേരിടാനുള്ള നടപടികളും ചര്‍ച്ചയാകും.