കേരളത്തിൽ മൂന്നാമതും ഇടതുമുന്നണി തന്നെ അധികാരത്തിൽ എത്തുമെന്ന് സിപിഎം നേതാക്കൾ ഉറപ്പിച്ചു തന്നെ പറയുകയാണ്. തരൂരും മുല്ലപ്പള്ളിയും പോലെയുള്ള ചില കോൺഗ്രസ് നേതാക്കളും അത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുവേ നല്ല സ്വീകാര്യത ആയിരുന്നെങ്കിലും രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തന്നെ അപമാനമായി മാറുകയായിരുന്നു. ജനങ്ങളെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ മുന്നോട്ടുപോക്കിൽ പാർട്ടി പ്രവർത്തകർക്ക് പോലും സ്വന്തം സർക്കാരിനെയും നേതാക്കളെയും തള്ളി പറയേണ്ട ഗതി പോലും ഉണ്ടായി. വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് പിണറായി സർക്കാർ കടന്നുപോയപ്പോഴൊക്കെ സാധാരണ കമ്മ്യൂണിസ്റ്റുകാർ തലയിൽ കൈവെച്ച് സഹതപിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം പ്രായത്തിൽ ഉൾപ്പെടെ ഇളവുകൾ നൽകുന്നുണ്ടെങ്കിലും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം കടന്നുവരുന്നതിനുള്ള സാധ്യതകൾ നന്നേ കുറവാണ്. ഒരുകാലത്ത് സിപിഎമ്മിൽ ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയൻ ഒരു വശത്തും അന്നത്തെ മുഖ്യമന്ത്രിയും ഇന്ന് മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ മറുവശത്തും പോരാട്ടത്തിന് ഇറങ്ങിയപ്പോൾ കേരളത്തിൽ അവർക്കിടയിൽ രണ്ട് ഗ്രൂപ്പുകൾ മാത്രമായിരുന്നു. ഇന്നു സിപിഎമ്മിലെ സ്ഥിതി കോൺഗ്രസിനെക്കാൾ പരിതാപകരമാണ്. ഗ്രൂപ്പുകളുടെ പൊങ്കാലയാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. ജില്ലകൾ കേന്ദ്രീകരിച്ചും നേതാക്കൾ കേന്ദ്രീകരിച്ചും സിപിഎമ്മിനുള്ളിൽ ഇപ്പോൾ ഗ്രൂപ്പ് രാഷ്ട്രീയം വളർന്നു പന്തലിച്ചിരിക്കുകയാണ്. വടക്കൻ ലോബിയും തെക്കൻ ലോബിയും മാത്രം ഉണ്ടായിരുന്ന സിപിഎമ്മിൽ ഇന്ന് ലോബികളെ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കണ്ണൂരിൽ പി ജയരാജൻ നേതൃത്വം നൽകുന്ന ഗ്രൂപ്പും കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകുന്ന ഗ്രൂപ്പും ഇടയ്ക്ക് അടിയേറ്റ് എങ്കിലും പതറാതെ നിൽക്കുന്ന ഇ പി ജയരാജന്റെ സ്വതന്ത്ര ഗ്രൂപ്പും സകല പിആറും പയറ്റുന്ന പി രാജീവിന്റെ ഗ്രൂപ്പും സഭയിൽ മിണ്ടാട്ടം മുട്ടിയെങ്കിലും പാർട്ടിയിൽ മുന്നോട്ടു കുതിക്കുവാൻ തയ്യാറെടുക്കുന്ന ഷംസീറിന്റെ ഗ്രൂപ്പും സിപിഎമ്മിൽ സജീവമാണ്. പ്രവർത്തിച്ചു വന്നതല്ലെങ്കിലും പടവെട്ടി വന്ന ബ്രിട്ടാസിന്റെ ഗ്രൂപ്പും പാർട്ടിയിൽ സജീവമാണ്. ഇന്നത്തെ പി രാജീവിന്റെ ഗ്രൂപ്പാണ് പഴയ വിഎസ് അച്യുതാനന്ദന്റെ ഗ്രൂപ്പ്. ഇതിനെല്ലാം പുറമെ ഇപ്പോഴത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട്. വരുന്ന തെരഞ്ഞെടുപ്പ് കാലത്തും ഇപ്പോഴത്തെ സമ്മേളന കാലത്തും ഏറ്റവും അധികം മത്സരം നടക്കുന്നതും ഈ ഗ്രൂപ്പുകൾ തമ്മിലാകും. മുഖ്യമന്ത്രി പിണറായി വിജയന് റിയാസിന്റെ ഗ്രൂപ്പിനോട് ആണ് മൊഹബത്ത് കൂടുതൽ.
ഏതെങ്കിലും സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമ്പോൾ തന്റെ മരുമകനും പാർട്ടിയെ കൈലൊതുക്കുവാൻ ശ്രമിക്കുന്ന റിയാസിന്റെ കൈകളിലേക്ക് ഭരണം ഏൽപ്പിക്കുവാനാണ് പിണറായിക്ക് താൽപര്യം. പിണറായിയുടെ പ്രവർത്തനങ്ങളിൽ പലർക്കും അമർഷമുണ്ടെങ്കിലും ചില പ്രത്യേക ഭയത്താൽ ആരും ഒന്നും മിണ്ടുന്നില്ലെന്ന് മാത്രം. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നവരിൽ റിയാസ് ആണ് മുൻപന്തിയിൽ എന്നത് വ്യക്തമാണ്. പിണറായിക്കൊപ്പം നിൽക്കുന്നവർക്കും റിയാസിനോടാണ് താല്പര്യം. മന്ത്രിസഭയിലെ മികച്ച മന്ത്രിയും റിയാസ് തന്നെയാണ്. ടൂറിസം പൊതുമരാമത്ത് വകുപ്പുകളിൽ റിയാസ് കൊണ്ടുവന്ന മുന്നേറ്റം ചെറുതൊന്നുമല്ല. ആ മുന്നേറ്റം തന്നെയാണ് റിയാസിന് കരുത്ത് പകരുന്നത്. റിയാസിനെ എതിർക്കുവാൻ കച്ചകെട്ടി രംഗത്തുള്ളവർക്ക് പ്രതീക്ഷയുടെ പച്ചത്തുരുത്ത് ജോൺ ബ്രിട്ടാസ് ആണ്.
ഡൽഹിയിൽ മാധ്യമപ്രവർത്തകൻ ആയിരിക്കേയാണ് പാർട്ടിയുടെ നിർണായക സ്ഥാനങ്ങളിലേക്ക് ബ്രിട്ടാസ് ഒരുകാലത്ത് വന്നെത്തുന്നത്. പിന്നീട് പാർട്ടിയുടെ സർവ്വ ആധിപത്യവും അദ്ദേഹത്തിന്റെ കൈകളിലേക്കായി. രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത് ബ്രിട്ടാസിന്റെ കാഞ്ഞ ബുദ്ധികൊണ്ട് മാത്രമാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും, ഉറപ്പാണ് എൽഡിഎഫ് തുടങ്ങിയ മുദ്രാവാക്യങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് ഉണ്ടാക്കിയ നേട്ടം ചെറുതൊന്നും ആയിരുന്നില്ല. അധികാരത്തിലെത്തിച്ചതുപോലും ആ മുദ്രാവാക്യങ്ങൾ തന്നെയായിരുന്നു. അതിന്റെ സൃഷ്ടാവ് സാക്ഷാൽ ജോൺ ബ്രിട്ടാസ് തന്നെയായിരുന്നു. ബിജെപി എങ്ങനെയാണോ ഇന്ത്യയിൽ അധികാരത്തിൽ എത്തിയത്, എങ്ങനെയാണോ അധികാരം തുടരുന്നത് അതേ ശൈലിയാണ് പിണറായി വിജയൻ നൽകുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും നടപ്പാക്കുന്നത്. പറഞ്ഞുവന്നത് ആശയപരമായ താരതമ്യം ഒന്നുമല്ല. പറഞ്ഞുവന്നത് പിആർ സംവിധാനങ്ങളെ എങ്ങനെ കൃത്യമായി ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്.
അതിന് ഒരിക്കൽ കമ്പ്യൂട്ടറിനെ എതിർത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രാപ്തമാക്കിയത് ജോൺ ബ്രിട്ടാസ് മാത്രമാണ്. അതിന്റെയെല്ലാം ആനുകൂല്യം കൊണ്ട് രാജ്യസഭ എംപിയായി അദ്ദേഹം മാറുകയും ചെയ്തു. ഇപ്പോഴിതാ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ സിപിഎമ്മിന് വേണ്ടിയുള്ള സേവനങ്ങൾ കണ്ടുകൊണ്ടുതന്നെയാണ്. നാളെ മുഖ്യമന്ത്രിപദം ചൊല്ലിയും ഏതെങ്കിലും തർക്കങ്ങൾ രൂപപ്പെട്ടാൽ സർപ്രൈസ് മുഖ്യമന്ത്രിയായി ബ്രിട്ടാസ് മാറും എന്നതിൽ സംശയമില്ല. രാജ്യസഭാ എംപിയായി തുടരുന്ന ബ്രിട്ടാസ് ഏറെക്കുറെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശക്തമായി സജീവമാണ്. സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും സജീവമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടുമെന്ന് പറയുന്നവരും ഉണ്ട്. നിലവിൽ സിപിഎമ്മിന്റെ തന്നെ കൈവശമുള്ള പയ്യന്നൂർ മണ്ഡലത്തിൽ ടി ഐ മധുസൂദനൻ ആണ് എംഎൽഎ.
2011 മുതൽ 2021 വരെ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു അന്ന് 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മണ്ഡലം രൂപീകരിച്ചതിനുശേഷം ഒരിക്കൽപോലും പയ്യന്നൂർ സിപിഎമ്മിനെ കൈവിട്ടിട്ടില്ല. അത്രമേൽ സുരക്ഷിതമായ ഒരു മണ്ഡലത്തിൽ നിന്നാണ് ജോൺ ബ്രിട്ടാസ് കേരള നിയമസഭയിലേക്ക് എത്തുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇനി ഏതെങ്കിലും തരത്തിൽ കൂട്ടായ ചർച്ചകൾക്കൊടുവിൽ റിയാസോ മറ്റ് ആരെങ്കിലുമോ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയാലും ബ്രിട്ടാസ് നിർണായകമായ ഏതെങ്കിലും ഒരു താക്കോൽ സ്ഥാനത്ത് ഉണ്ടാകുന്നതിനുള്ള സാധ്യതകളാണ് കൂടുതൽ. പാർലമെന്റിലെ ബ്രിട്ടാസിന്റെ പ്രസംഗങ്ങൾ പലതും ഇടതുപക്ഷത്തിന് മുതൽക്കൂട്ടാണ്. പാർലമെന്റിൽ ബ്രിട്ടാസിനെ പോലെ സംസാരിക്കുന്ന മറ്റൊരു മുഖം പോലും സിപിഎമ്മിന് ഇന്നില്ല. ഇംഗ്ലീഷ് തപ്പിപ്പറക്കി റഹീം അവതരിപ്പിക്കുമ്പോഴാണ് തരൂരിനെപ്പോലെ ബ്രിട്ടാസ് പാർലമെന്റിൽ തട്ടിക്കയറാറുള്ളത്. ബ്രിട്ടാസ് രാജ്യസഭ വിട്ട് കേരളത്തിലേക്ക് വരുമ്പോൾ മറ്റൊരു മുഖത്തെ അവിടേക്ക് കൂടി സിപിഎം കാണുന്നുണ്ടാകും. എന്താണെങ്കിലും സംസ്ഥാന സമ്മേളനത്തിൽ ഉൾപ്പെടെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജോൺ ബ്രിട്ടാസ്.