മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസോടെ രാജ്യത്ത് സിപിഎമ്മിന് പുതിയ നേതൃത്വം വരും. ആരാകും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുക എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഏറെ കാലങ്ങൾക്ക് ശേഷം പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിക്കുമെന്ന സൂചനകളാണ് അറിയുന്നത്. കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്.
അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. മുതിർന്ന നേതാവ് എം എ ബേബിക്കാണ് നറുക്ക് വീഴുവാൻ സാധ്യത. 2012 മുതൽ പി.ബിയിൽ പ്രവർത്തിക്കുന്ന സീനിയറായ എം എ ബേബി കമ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക മുഖം കൂടിയാണ്. പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്നത് എം എ ബേബിയുടെ പേരാണ്. സ്വന്തം ഘടകമായ കേരളത്തിൽ നിന്നുള്ള പിന്തുണ ബേബിക്ക് നിർണായകമാകും.
ബി.ജെ.പിക്കെതിരെ നിൽക്കുമ്പോഴും കോൺഗ്രസുമായുള്ള സഹകരണത്തെ നഖശിഖാന്തം എതിർക്കുന്നതാണ് കേരള ലൈൻ. എന്നാൽ, കോൺഗ്രസുമായി കൈകോർക്കേണ്ട സാഹചര്യമാണ് ഇൻഡ്യ മുന്നണിയിലുള്ളത്. മലയാളിയായ ജനറൽ സെക്രട്ടറി ഇൻഡ്യ മുന്നണി നേതൃത്വത്തിൽ നിൽക്കുന്നത് കേരളത്തിൽ സിപിഎമ്മിന് തലവേദനയാകും.
ആ നിലയിൽ മലയാളിയല്ലാത്തയാൾ ജനറൽ സെക്രട്ടറി എന്നതാണ് പിണറായി വിജയന്റെ താൽപര്യമെങ്കിൽ എം എ ബേബി ചിത്രത്തിൽനിന്ന് പുറത്താകും. മറിച്ച്, മലയാളിയെ അമരത്ത് പ്രതിഷ്ഠിച്ച് കേരള ലൈനിലേക്ക് ദേശീയ നേതൃത്വത്തെ കൊണ്ടുവരാമെന്ന് പിണറായി ആഗ്രഹിച്ചാൽ ബേബിക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, പി.ബിയിൽ ജൂനിയർ ആണെങ്കിലും പിണറായി വിജയന് കൂടുതൽ താൽപര്യമുള്ള എ വിജയരാഘവൻ, ഒരുപക്ഷേ, എം എ ബേബിയെ മറികടക്കാനുള്ള സാധ്യതയും കൽപിക്കപ്പെടുന്നുണ്ട്.
ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം കേരളത്തിൽ നിന്നുള്ളയാൾ പാർട്ടി തലപ്പത്ത് എത്തിയിട്ടില്ല. ദീർഘകാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാറാണ് സജീവമായി പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. അദ്ദേഹത്തിന് പ്രായപരിധി ഇളവ് നൽകി ത്രിപുര സംസ്ഥാന സെക്രട്ടേറിയറ്റിൽ നിലനിർത്തിയത് ഈ സാധ്യത മുന്നിൽക്കണ്ടാണ്.
തപസ് സെൻ, സൂര്യകാന്ത് മിശ്ര എന്നീ പേരുകളാണ് ബംഗാളിൽ നിന്ന് ഉയരുന്നത്. മൂന്നു പതിറ്റാണ്ടിന്റെ ഭരണ കുത്തകയിൽ നിന്നുള്ള തകർച്ചയിൽ നിന്ന് തിരിച്ചുവരവിന് സാധിക്കാത്ത ബംഗാൾ ഘടകത്തിന് തങ്ങളുടെ ഒരാളെ പാർട്ടിയുടെ അമരത്ത് പ്രതിഷ്ഠിക്കാനുള്ള കരുത്ത് ഇപ്പോഴില്ല. പ്രകാശ് കാരാട്ട് വീണ്ടും വരണമെങ്കിൽ പ്രായപരിധിക്കൊപ്പം ഒരാൾക്ക് മൂന്ന് ടേം നിബന്ധനയിലും ഇരട്ട ഇളവ് നൽകണം. ഇരട്ട ഇളവിനുള്ള സാധ്യത വിരളമാണ്.
അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണയുള്ളയാൾക്കും പ്രായപരിധി ഇളവ് ലഭിച്ചേക്കും. അതിൽ മുന്നിലുള്ള പേര് വൃന്ദയുടേതാണ്. ദീർഘകാലമായി ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ വനിതാ താരമാണവർ. പ്രകാശ് കാരാട്ടിന്റെ സഹധർമിണിയെന്ന അംഗീകാരവും ഒപ്പമുണ്ട്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സിപിഎമ്മിന്റെ ആദ്യ വനിത ജനറൽ സെക്രട്ടറിയായി അവർ മാറും.
സീതാറാം യെച്ചൂരിയുടെ മരണത്തോടെയാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. പ്രകാശ് കാരാട്ട് ജന്മംകൊണ്ട് മലയാളിയാണ് എങ്കിലും കേരളത്തിൽ ജീവിച്ച് വളർന്ന് പാർട്ടിയുടെ തലപ്പത്ത് എത്തിയ നേതാവല്ല. ഡൽഹി തന്നെയായിരുന്നു യെച്ചൂരിയുടെ പ്രവർത്തന മണ്ഡലം. ജനറൽ സെക്രട്ടറി പദവിയിലിക്കുന്ന നേതാവ് മരണപ്പെടുന്ന സാഹചര്യം സി.പി.എമ്മിൽ മുൻപ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ ഏത് കീഴ്വഴക്കം പാലിക്കണമെന്നതിൽ പാർട്ടിക്ക് മുന്നിൽ മാതൃകകളില്ല. അങ്ങനെയാണ് മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇപ്പോൾ താല്‍ക്കാലിക സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.
അതേസമയം, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, മണിക് സർക്കാർ, സുര്യകാന്ത് മിശ്ര, പിണറായി വിജയൻ എന്നീ പോളിറ്റ്ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധി മാനദണ്ഡം ബാധകമാണ്. ഇതിൽ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്.
എന്നാൽ പ്രായപരിധി മാനദണ്ഡം കർശനമായി പാലിക്കണമെന്ന വാദവും ശക്തമാണ്. അങ്ങനെയെങ്കിൽ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ജ്യോതിബസുവിനെ ഇത്തരത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോയിൽ പ്രത്യേക ക്ഷണിവായി ഉൾപ്പെടുത്തിയിരുന്നു.
പിണറായിയും കൂട്ടരും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിലേക്ക് വേര് പറിച്ചു നടുവാനാണ് പരിശ്രമിക്കുന്നത്. ആ പരിശ്രമങ്ങൾക്ക് സംസ്ഥാനത്തുനിന്നുള്ള ഒരാൾ തന്നെ സെക്രട്ടറിയായി വരണമെന്നും അവർ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന് പിന്നാലെ ഉറപ്പിച്ച് സഞ്ചരിച്ചാൽ എം എ ബേബി സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി ആകും.