നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുന്നതിനൊപ്പം തന്നെ ഏതു വിധേനയും സ്ഥാനാർത്ഥിത്വം ഉറപ്പിക്കുവാൻ വേണ്ടിയുള്ള നേതാക്കളുടെ സമ്മർദ്ദങ്ങളും ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കുട്ടനാട്. പറയുമ്പോൾ പച്ചപ്പും ഹരിതാഭവും കായലോളങ്ങളും ഒക്കെ ഭംഗി തീർക്കുന്ന മനോഹരമായ ഇടമാണ് കുട്ടനാടെങ്കിലും അവിടുത്തെ ജനതയുടെ ജീവിതം അത്രകണ്ട് ഭംഗിയുള്ളതല്ല. കാതലായ യാതൊരു വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടക്കുന്നില്ലെന്ന് വേണം പറയുവാൻ. നല്ലൊരു ശതമാനം ജനങ്ങളും കൃഷിയെയും ടൂറിസത്തെയും അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു ജനതയാണ് കുട്ടനാട്ടിലേത്. എന്നാൽ അവരുടെ ജീവിതം ഓരോ ദിവസവും കഴിയുമ്പോൾ കൂടുതൽ ദുഃഖകരമായി മാറുകയാണ്.
നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ എൻസിപി-എസിന്റെ തോമസ് കെ തോമസ് എംഎൽഎയാണ് കുട്ടനാട്ടിൽ നിന്നും വിജയിച്ചുവന്നത്. എന്നാൽ, ഒരു കാലത്ത് കുട്ടനാട് യുഡിഎഫിൻ്റെ ഉറച്ച കോട്ടകളിൽ ഒന്ന് തന്നെയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫിന് പറ്റിയ ഒരു സ്ഥാനാർത്ഥി ഇല്ലാതാകുന്നതുമൂലം അവരുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണ്ഡലം കൂടിയാണ് കുട്ടനാട്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫിൻ്റെ ഭാഗമായി നിന്നപ്പോൾ അവർക്ക് കൊടുത്തതാണ് കുട്ടനാട്. പിന്നീട് അവർ യുഡിഎഫുമായി പിണങ്ങി എൽഡിഎഫിലേയ്ക്ക് പോയപ്പോൾ അവർക്ക് എൽഡിഎഫ് ഈ സീറ്റ് കൊടുത്തു. അപ്പോഴാണ് കരുണാകരൻ്റെ നേതൃത്വത്തിലുള്ള ഡിഐസിയും കോൺഗ്രസും ചേർന്ന് മത്സരിക്കുന്നത്. അങ്ങനെ ഡിഐസിയ്ക്ക് യുഡിഎഫ് ഈ സീറ്റ് നൽകുകയും തുടർന്ന് തോമസ് ചാണ്ടി കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിക്കുകയും ആയിരുന്നു. ആ തെരഞ്ഞെടുപ്പിൽ 19 സീറ്റിൽ യുഡിഎഫിൻ്റെ ഭാഗമായി മത്സരിച്ച ഡിഐസിയ്ക്ക് ഒരു സീറ്റ് മാത്രമാണ് ജയിക്കാനായത്. അത് കുട്ടനാട് ആയിരുന്നു. പിന്നീട് എൽഡിഎഫിൻ്റെ ഭാഗമായ എൻസിപിയിൽ കെ മുരളീധരനും കുട്ടരും പോയപ്പോൾ തോമസ് ചാണ്ടിയും കൂടെ എൻസിപിയിൽ എത്തി.
പിന്നീട് കെ മുരളീധരൻ തിരിച്ച് കോൺഗ്രസിൽ എത്തിയെങ്കിലും തോമസ് ചാണ്ടി എൻസിപിയിൽ തന്നെ ഉറച്ചു നിന്നു. പിന്നീട് ഇടത് സ്ഥാനാർത്ഥിയായി തോമസ് ചാണ്ടി കുട്ടനാട്ടിൽ വിജയിക്കുന്നതാണ് കണ്ടത്. അത് തോമസ് ചാണ്ടിയുടെ വ്യക്തിപ്രഭാവം കൊണ്ടു മാത്രമായിരുന്നു. തോൽപ്പിച്ചത് എക്കാലവും അവിടെ സീറ്റുമായി നിന്ന ജോസഫ് ഗ്രൂപ്പിനെയുമായിരുന്നു. പിന്നീട് തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സഹോദരനായ തോമസ് കെ തോമസ് വിജയിക്കുകയായിരുന്നു. 5,516 വോട്ടുകൾക്ക് ആയിരുന്നു 2021ൽ തോമസ് കെ തോമസ് വിജയിച്ചിരുന്നത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് സീറ്റ് നൽകുമ്പോൾ മണ്ഡലത്തിൽ അവർക്ക് അത്രകണ്ട് സാന്നിധ്യമില്ല എന്നതാണ് വാസ്തവം. കോൺഗ്രസിന് പ്രവർത്തകരും പ്രവർത്തനവും ഉള്ള മണ്ഡലത്തിലാണ് സീറ്റ് മാത്രം പ്രവർത്തനമില്ലാത്ത ഒരു ഘടകകക്ഷിക്ക് നൽകുന്നത്. ഇതിൽ ആകട്ടെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും വിരുദ്ധ അഭിപ്രായങ്ങളും ഉണ്ടുതാനും. ഇപ്പോഴിതാ അടുത്ത തെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് പേയ്മെന്റ് സീറ്റ് ആണെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാകുന്നു. മുൻപ് എൻസിപിയുടെ ഭാഗമായിരുന്ന റെജി ചെറിയാൻ ആണ് ഇത്തരത്തിൽ സീറ്റ് ലക്ഷ്യം വെച്ചുകൊണ്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്.
അദ്ദേഹവും അദ്ദേഹത്തിനൊപ്പം ഉള്ള എൻസിപി പ്രവർത്തകരും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ലയിക്കുകയായിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൽ എത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കുമ്പോഴും ലക്ഷ്യം കുട്ടനാട് സീറ്റ് തന്നെയെന്ന് അരിയാഹരം കഴിക്കുന്ന ആർക്കും മനസ്സിലാകും. ഈ നീക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയും ഉണ്ട്.
കായംകുളം സ്വദേശി കൂടിയായ റെജി ചെറിയാന് മണ്ഡലത്തിൽ വേണ്ടത്ര ബന്ധങ്ങളില്ലെന്നും ഒരു കാരണവശാലും വിജയിക്കില്ലെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു ലീഡ് ചെയ്തിരുന്നത്. നിയമസഭയിലേക്ക് എത്തുമ്പോൾ വോട്ട് ചോരുന്നത് കോൺഗ്രസ് മത്സരിക്കാത്തത് കൊണ്ട് ആണെന്നും നേതാക്കൾ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ കൈപ്പത്തി വന്നാൽ കുട്ടനാട്ടിൽ കോൺഗ്രസ് കരകയറുമെന്ന് നേതൃത്വങ്ങൾക്ക് മുൻപിൽ അവകാശപ്പെടുകയാണ് ഡിസിസി- പ്രാദേശിക നേതൃത്വങ്ങൾ. ഈ സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കോൺഗ്രസ് ഏറ്റെടുത്ത് മികച്ച ഒരു സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ ഈ സീറ്റും യുഡിഎഫിന് നിലനിർത്താനാവുന്നതാണ്. അബിൻ വർക്കിയെ പോലൊരാൾ ഇവിടെ മത്സരിച്ചാൽ യുഡിഎഫിന് ജയിക്കാനെയേക്കും.
അബിൻ വർക്കിയുടെ പേരാണ് പ്രവർത്തകരുടെ മനസ്സിൽ ഏറെ ഉള്ളത്. അതിനുപുറമേ യൂത്ത് കോൺഗ്രസിന്റെ മുൻ പാർലമെന്റ് പ്രസിഡന്റ് സജി ജോസഫ് ഉൾപ്പെടെയുള്ള പേരുകളും പ്രവർത്തകരുടെയും നേതാക്കളുടെയും മനസ്സിൽ ഉണ്ട്. ഏറെ നാളുകളായി കുട്ടനാട് കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന ആളാണ് ചെറുപ്പക്കാരൻ കൂടിയായ സജി ജോസഫ്. അപ്പോഴും കോൺഗ്രസിലെ ചർച്ചകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. മണ്ഡലം ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. അതേസമയം മണ്ഡലം വിട്ടു നൽകിയില്ലെങ്കിൽ പരാജയം ഉറപ്പാണെന്നും യുഡിഎഫ് അധികാരത്തിൽ ഉറപ്പായും എത്തേണ്ട ഘട്ടത്തിൽ ഇത്തരത്തിലുള്ള പിടിവാശികൾ ദോഷകരമായി മാറുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.
ഇതിനിടയിൽ സഖ്യകക്ഷിയായ എൻസിപി-എസിൽ നിന്നും സിപിഎം കുട്ടനാട് മണ്ഡലം തിരിച്ചെടുക്കുന്നതിനുള്ള സാധ്യതകളും കൂടുതലാണ്. കഴിഞ്ഞ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അടക്കം നിലവിലെ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അത്തരത്തിൽ സിപിഎം മണ്ഡലം ഏറ്റെടുക്കുക കൂടി ചെയ്താൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെടുമെന്ന് കോൺഗ്രസിന് അറിയാം. അതുകൂടി മുന്നിൽകണ്ടാണ് മണ്ഡലം ഏറ്റെടുക്കുന്നതിനെ പറ്റി കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.