പെരിന്തൽമണ്ണ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ആധികാരിക വിജയം. പെരിന്തൽമണ്ണ കഴിഞ്ഞതവണ കൈവിട്ടു പോകുമെന്ന് സിപിഎം കരുതിയതേയില്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു നജീബിന് ലഭിച്ചിരുന്നത്. കേവലം 35 വോട്ടുകൾക്ക് മാത്രമായിരുന്നു നജീബിന്റെ വിജയം. തന്റെ ഭൂരിപക്ഷം കുറഞ്ഞത് മുന്നോട്ടുള്ള പ്രയാണത്തിൽ നജീബിന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വിജയം നേടി എന്ന് മാത്രമല്ല, വിജയത്തിന് ശേഷവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നജീബ് കാന്തപുരം എംഎൽഎ മണ്ഡലത്തിൽ നടത്തിവരുന്നത്.
ഓരോ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ലക്ഷ്യമുയർത്തി എംഎൽഎ തയ്യാറാക്കിയ ക്രിയ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സിവില്‍ സര്‍വ്വീസസ് അക്കാദമി പോലും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. സിവില്‍ സര്‍വ്വീസ് തല്പരരായ നൂറു വിദ്യാര്‍ത്ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നിന്നുള്ളവരില്‍ നിന്ന് എഴുത്ത് പരീക്ഷ ഇന്റര്‍വ്യൂ എന്നിവ നടത്തി മികവ് പുലര്‍ത്തുന്നവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എസ്.സി., എസ്.ടി., മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗ പരിമിതര്‍, ട്രാന്‍സ് ജെന്റര്‍ വിഭാഗങ്ങള്‍ക്ക് വെയ്റ്റേജ് നല്‍കുന്നുണ്ട്.
പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍ക്കും പരിശീലനം സമ്പൂർണ്ണമായും സൗജന്യമാണ്. ഇവിടെ പഠിച്ച വിദ്യാർഥികൾക്ക് ഐഎഎസ് ലഭിച്ചതും പദ്ധതിക്ക് കൂടുതൽ സ്വീകാര്യത നൽകുന്നതായിരുന്നു. എന്നാൽ എംഎൽഎയുടെ ഇത്തരം പ്രവർത്തനങ്ങൾ സിപിഎമ്മിനെ കൂടുതൽ വെപ്രാളം പിടിപ്പിക്കുന്നതായിരുന്നു. ഏതു വിധേനയും എംഎൽഎ തകർക്കുകയെന്ന ലക്ഷ്യത്തിന് പിന്നാലെയായി പിന്നീട് പെരിന്തൽമണ്ണയിലെ സഖാക്കൾ. തെരഞ്ഞെടുപ്പ് ഫലം പോലും കോടതി വരാന്ത കയറിയിറങ്ങി. അപ്പോഴും അന്തിമ വിജയം നജീബിന് ഒപ്പം തന്നെയായിരുന്നു. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചത്. 348 തപാല്‍ ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചുവെന്നും, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും സിപിഎം വാദിച്ചു. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതായത് വലിയ വിവാദമായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽനിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന പ്രതികരണം ആയിരുന്നു അന്ന് നജീബ് നടത്തിയിരുന്നത്.
പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം. 2011 മുതൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മഞ്ഞളാംകുഴി അലിയാണ് പെരിന്തൽമണ്ണ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് . മഞ്ഞളാംകുഴി അലിയുടെ പ്രവർത്തനങ്ങൾ അവസാനഘട്ടമായപ്പോഴേക്കും ജനങ്ങൾക്ക് നിരാശ നൽകുന്നതായിരുന്നു. അതുകൊണ്ടുതന്നെ സിപിഎം മണ്ഡലത്തിൽ അട്ടിമറി വിജയം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. പണവും പത്രാസും ബന്ധങ്ങളും ഉള്ള മുസ്തഫ ഇടത് സ്വതന്ത്രനായി രംഗത്തിറങ്ങിയതോടെ സിപിഎം വിജയം ഉറപ്പിച്ചു.
അവിടെക്കാണ് ചെറുപ്പത്തിലെ പ്രസരിപ്പോടെ നജീബ് കാന്തപുരം കടന്നുവന്നതും സിപിഎമ്മിനെ ഞെട്ടിച്ചതും. അന്നുമുതൽ തുടങ്ങിയ പകയാണ് സിപിഎം ഇപ്പോഴും നജീബിനോട് കാട്ടിക്കൊണ്ടിരിക്കുന്നത്. അനന്ദു കൃഷ്ണന്റെ തട്ടിപ്പ് പുറംലോകത്തേക്ക് വന്നപ്പോഴും, നജീബ് കാന്തപുരം എംഎൽഎയ്ക്ക് യാതൊരു പങ്കില്ലെന്ന് ഉറപ്പുള്ളപ്പോഴും സിപിഎം ഉണ്ടായ വിവാദത്തെ ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. സംഭവം വിവാദമായതിന് പിന്നാലെ ഡിവൈഎഫ്ഐ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് വരെ നടത്തുകയും ചെയ്തിരുന്നു. ഈ മാർച്ചിൽ നിന്ന് തന്നെ നജീബിനോടുള്ള സിപിഎമ്മുകാരുടെ വ്യക്തിവിരോധം പ്രകടമായിരുന്നു. എംഎൽഎക്ക് നേരെ വ്യക്തിപരമായ അധിക്ഷേപം പോലും ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യങ്ങളിലൂടെ മുഴക്കിയിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസിന്റെയും ബിജെപിയുടെയും സിപിഎമ്മിന്റെയും ലീഗിന്റെയും നേതാക്കളെല്ലാം തന്നെ അനന്തുവിന്റെ പദ്ധതികളിൽ ഭാഗമായവരാണ്.
പക്ഷേ അവരാരും അതിനു പിന്നിലെ സാമ്പത്തിക സാധ്യതകളുടെ തട്ടുപ്പിന് നിന്നവരാകാൻ വഴിയില്ല. പലരും സ്വന്തം മണ്ഡലങ്ങളിലേക്ക് ഏതെങ്കിലും തരത്തിലുള്ള വികസനങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടി പരിശ്രമിച്ചപ്പോൾ അറിയാതെ പെട്ടുപോയവരാകും. നജീബ് പല ഏജൻസികളുമായി ചേർന്ന് ഒട്ടേറെ ക്ഷേമ പദ്ധതികൾ പെരിന്തൽമണ്ണയിലേക്ക് കൊണ്ടുവന്ന എംഎൽഎയാണ്. അനന്തുകൃഷ്ണനുമായി ചേരുന്നതും അത്തരം മണ്ഡലത്തിലെ ജനങ്ങൾക്ക് ഉപകാരമായ എന്തെങ്കിലും നടക്കട്ടെ എന്ന് കരുതിയും ആകും. എന്നാൽ എല്ലാവരെയും ചതിച്ചപോലെ നജീബിനെയും അനന്തു ഭേഷായി വഞ്ചിക്കുകയായിരുന്നു. അനന്തുവിന്റെ തിരുവനന്തപുരത്തെ ഏജൻസിയുടെ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നത് സിപിഎമ്മിന്റെ ഭാഗമായ ഒരു മന്ത്രി കേമനായിരുന്നു. അതിലൊന്നും ഡിവൈഎഫ്ഐക്കോ സിപിഎമ്മിനോ ഒരു വിഷയവുമില്ല. എങ്ങനെയും 10 പേർക്ക് മുൻപിൽ നജീബിനെ മോശമായി ചിത്രീകരിക്കണം. അതുവഴി കിട്ടാക്കനിയായ പെരിന്തൽമണ്ണ അടുത്ത തവണയെങ്കിലും എങ്ങനെയും കൈക്കലാക്കണം. എന്നാൽ സിപിഎമ്മുകാരുടെ ആ ബുദ്ധി പെരിന്തൽമണ്ണയിൽ വേവുവാനുള്ള സാധ്യതയില്ല.