പത്തനംതിട്ട: കേരളത്തിൽ സംഘപരിവാറിനു വേണ്ടി ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പച്ചയ്ക്ക് വീട് വീടാന്തരം കയറി വര്‍ഗീയത പറഞ്ഞ് വോട്ട് ചോദിച്ചവരാണ് സി.പി.എമ്മന്നും രാഹുൽ ആരോപിച്ചു.
സംഘപരിവാറിന് വേണ്ടി കേരളത്തില്‍ ഇസ്ലാമോഫോബിയ പടർത്തുന്ന പാര്‍ട്ടിയുടെ പേര് സി.പി.എം എന്നായതുകൊണ്ടാണ് വടകരയില്‍ ഇത്ര വലിയ വര്‍ഗീയ കാര്‍ഡ് അവര്‍ ഇറക്കിയത്. പച്ചയ്ക്ക് വീടുവീടാന്തരം കയറി വര്‍ഗീയത പറഞ്ഞ് വോട്ട് ചോദിച്ചു. ഷാഫി പറമ്പിലിനെ എല്ലാവര്‍ക്കുമറിയാം. പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഒരു മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുസ്ലിം വിഷയങ്ങളില്‍ ഇപെടാത്ത വ്യക്തിയാണ് ഷാഫിയെന്ന് ആരോപിച്ചു.
ഏഴ് വര്‍ഷമായ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാറിന്റെ പ്രതിനിധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഭരണനേട്ടം പറയാതെ വര്‍ഗീയത പറയുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. പച്ചക്കൊടി കാണുമ്പോള്‍ എന്തിനാണ് ഹാലിളകുന്നത്. ലീഗിന്റെ കൊടിയുടെ പശ്ചാത്തലത്തിൽ ഷാഫി മത്സരിക്കുന്നത് പാകിസ്താനിലാണോ എന്ന ചോദ്യമാണ് ചില ഇടതു സൈബർ പ്രൊഫൈലുകൾ പ്രചരിപ്പിച്ചത്.
ഷാഫിക്കു വോട്ട് ചെയ്യുന്നവര്‍ പാകിസ്താനിലേക്ക് പോകട്ടെ എന്നാണ് ഇവര്‍ പറയുന്നത്. ബി.ജെ.പി പറയുന്ന അതേ ഭാഷയാണിത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങളുണ്ടായി. ശശികല ടീച്ചറെ ആ ശൈലജ ടീച്ചറുമായി താരതമ്യം ചെയ്തത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ചില ബി.ജെ.പി പ്രവർത്തകർ വിളിച്ചിരുന്നു. നേരെ തിരിച്ചുള്ള അഭിപ്രായവും കേട്ടു. വടകര തിരഞ്ഞെടുപ്പിൽ കഴിഞ്ഞ കുറേ കാലങ്ങളായി പി.ആർ ഏജൻസിയുടെ സഹായത്തോടെ ഒരുക്കിയെടുത്ത വ്യാജ ബിംബം തകർന്നടിയുന്ന കാഴ്ച കണ്ടു.
ഏതെല്ലാം ദുഷ്ടലാക്കോടുകൂടിയ ആക്ഷേപങ്ങളാണ് എതിർ സ്ഥാനാർഥിക്കെതിരെ കെ.കെ. ശൈലജ ഉന്നയിച്ചത്. സാധാരണ ഇത്തരത്തിലുള്ള വർഗീയത കേട്ടിട്ടുള്ളത് ശശികല ടീച്ചറിൽ നിന്നാണ്. അതിന് ശേഷം അതേ വർഗീയത കേൾക്കുന്നത് ശൈലജ ടീച്ചറിൽ നിന്നാണ്. ‘പൊതുതിരഞ്ഞെടുപ്പിന്റെ തലേദിവസം സി.പി.എമ്മിന്റെ സൈബര്‍ ഫാക്ടറിയില്‍നിന്ന് ഒരു വര്‍ഗീയ കാര്‍ഡ് നിര്‍മിക്കപ്പെട്ടു.
തുടർന്ന്, ഒരു വ്യാജ ഗ്രൂപ്പുണ്ടാക്കി ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കി കാഫിര്‍ പരാമര്‍ശം പുറത്തുവരുന്നു. അത് പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. പിറ്റേദിവസം ഇതേ വർഗീയ പ്രചാരണം ചൂണ്ടിക്കാണിച്ച് സംസാരിച്ചത് കെ.കെ. ശൈലജയാണ്. ഇത് ശശികല ടീച്ചര്‍ ചെയ്യുന്ന അതേ പണിയാണ്. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തുന്നു. ഇവര്‍ പ്രവര്‍ത്തിക്കുന്നു. എന്താണ് വ്യത്യാസം’, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.