കൊല്ലത്തെ സിപിഎം സമ്മേളനത്തിലടക്കം പി.പി ദിവ്യയുടെ കാര്യം ചർച്ചയായെന്നാണ് കേൾക്കുന്നത്. ദിവ്യയെ പാർട്ടിയുടെ എതിരാളികൾക്കും മാധ്യമങ്ങൾക്കും കീറിമുറിക്കാൻ വിട്ടത് ശരിയായില്ലെന്നുവരെ ചില സഖാക്കൾ പറഞ്ഞുവത്രേ. ശരിയല്ലേ, ദിവ്യയെ പുറത്താക്കണ്ടേ വല്ല
കാര്യമുണ്ടായിരുന്നോ..? എത്ര പാവമായിരുന്നു ദിവ്യ..?
കണ്ണൂർ ജില്ലാ പഞ്ചായത്തിനു കരുത്തും സഖാക്കൾക്കു പ്രചോദനവുമായി ഇനിയെത്രയോ കാലം ജനസേവനം തുടരേണ്ട ഒരു മഹതിയുടെ രാഷ്ട്രീയഭാവി തച്ചു തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയ്ക്ക് പാർട്ടി നേതൃത്വം വഴങ്ങരുതായിരുന്നു. ചർച്ചയങ്ങനെ ചൂടുപിടിക്കുമ്പോൾ അതാ പുറത്തു വന്നിരിക്കുന്നു, എഡിഎം നവീൻബാബുവിന്റെ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്.
പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലിവാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് ദിവ്യയുടെ എഡിഎമ്മിനെതിരായ ധീരമായ പ്രസംഗം ഈ ലോകത്തെ അറിയിച്ച കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴി.
ആരാണീ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ..? നമ്മൾ സഖാക്കൾ ദിവ്യയുടെ ഇമേജ് ബിൽഡപ്പു ചെയ്യാൻ പാടുപെടുമ്പോൾ ഇങ്ങനെയൊരു റിപ്പോർട്ടോ..? വഴിയെ പോകുമ്പോൾ എഡിഎമ്മിന്റെ യാത്രയയപ്പു പരിപരിപാടി കണ്ടു, എന്നാൽ അവിടെ വന്ന് നാലു നല്ല വാക്കുപറയാമെന്നു കരുതി എന്നായിരുന്നില്ലേ ദിവ്യ പറഞ്ഞത്..?
കണ്ണൂർ കലക്ടറും അതുശരിവെച്ചതല്ലേ..? ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ യാത്രയയപ്പു പരിപാടിയിൽ എഡിഎം നവീൻബാബുവിന് ആശംസ നേരാനെത്തി, പ്രസംഗിച്ചു മടങ്ങി. അതിലൊരു കുഴപ്പവും ഇത്രനാളായിട്ടും കലക്ടർ കണ്ടിട്ടില്ല. എന്നിട്ടിപ്പോൾ ഒരു ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ വന്നിരിക്കുന്നു… ദിവ്യ ചേച്ചി പഴയ ദിവ്യയല്ല. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ നടന്നിട്ടും കാലു പൊള്ളാതെ കരുത്തു തെളിയിച്ച മഹാദിവ്യയാണ്.
നിങ്ങളീ നുണപ്രചാരണം നടത്തുന്ന സകല ചാനലുകാരേയും പൊളിച്ച് കൈയിൽ കൊടുക്കാൻ ദിവ്യയ്ക്കുമുണ്ട് ഇപ്പോൾ സ്വന്തമായൊരു യുട്യൂബ് ചാനൽ. അതിലൂടെ ചേച്ചി സത്യങ്ങൾ വിളിച്ചു പറയും. സഖാക്കളെല്ലാം അത് ഷെയർ ചെയ്ത് പ്രചരിപ്പിക്കണം. മാധ്യമ കുത്തകകൾക്കെതിരേ ഒരു ജനകീയ ബദൽ അങ്ങനെ ദിവ്യയുടെ നേതൃത്വത്തിൽ കെട്ടിപ്പടുക്കും. സഖാക്കൾക്കെതിരായ സകല നുണപ്രചരണങ്ങളെയും പ്രതിരോധിച്ചുകൊണ്ട് ദിവ്യയുടെ ചാനൽ സ്വരാജിന്റെ ചാനലിനെ പോലെ പ്രവർത്തനം സജീവമാക്കുവാനാണ് ആലോചന.
ഇടയ്ക്ക് മാധ്യമങ്ങളുമായി തെറ്റിപ്പിരിഞ്ഞ് എം സ്വരാജ് തുറന്നുകാട്ടുന്ന സത്യാനന്തരങ്ങൾ എന്ന പേരിൽ യൂട്യൂബിൽ പ്രഭാഷണ പരമ്പര പോലും തുടങ്ങിയിരുന്നു. അത് വേണ്ട പോലെ ക്ലിക്ക് ആയില്ലെന്നത് മറ്റൊരു സത്യം. ദിവ്യയുടെ വിഷയത്തിലേക്ക് തിരികെ വന്നാൽ, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണറിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ നവീൻബാബുവിന്റെ മരണം സംബന്ധിച്ച കാര്യങ്ങളിൽ കുറച്ചു ക ടി വ്യക്തത വരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്.
നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വമാണ് നമ്പർ വൺ. പെട്രോൾ പമ്പിനായി നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് ചുമ്മാതങ്ങ് പറഞ്ഞാൽ പോര, അതു തെളിയിക്കണം. കൈക്കൂലി കൊടുത്തുവെന്ന് പറയുന്നയാൾ ഈ നാട്ടിൽ ജീവിച്ചിരിക്കുന്ന സ്ഥിതിക്ക് തെളിവു ഹാജരാക്കട്ടെ. കൈക്കൂലി വാങ്ങിയെന്നു നവീൻബാബുവിനെ ആക്ഷേപിച്ച പി പി ദിവ്യയ്ക്കും തെളിവു ഹാജരാക്കാം.
പിന്നെ വേറൊരു കാര്യം. മുഹമ്മദ് ഷമ്മാസെന്ന കെ.എസ്.യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കുറേയേറെ ഗുരുതരമായ ആരോപണങ്ങൾ സഖാവ് ദിവ്യക്കെതിരെ ഉന്നയിച്ചിരുന്നു. കൂടുതലും അഴിമതി ആരോപണങ്ങളാണ്. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ദിവ്യ പറഞ്ഞിരുന്നുവെന്നാണ് ഓർമ്മ. അക്കാര്യത്തിൽ എന്തു നടപടിയെടുത്തു വെന്ന് കൂടി ദിവ്യ തന്റെ ചാനലിലൂടെ പറയുമെന്ന് കരുതുന്നു.
ഷമ്മാസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളിലും മറുപടി വേണമല്ലോ. അതിനൊക്കെ കൃത്യമായ മറുപടി പറഞ്ഞല്ലേ സഖാവ് ദിവ്യ നിരപരാധിത്വം തെളിയിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്. പാർട്ടി സമ്മേളനത്തിൽ ദിവ്യയുടെ നീതിക്കുവേണ്ടിയും ലഭിക്കേണ്ടിയിരുന്ന സംരക്ഷണത്തെ ഓർത്തും വാചാലർ ആയതിൽ വനിതാ സഖാക്കൾ ഉണ്ടെന്ന് പോലും കേൾക്കുന്നു. പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിമാർക്കെതിരെ രൂക്ഷ വിമർശനം ആയിരുന്നു അവർ ഉന്നയിച്ചത് എന്നും പറയപ്പെടുന്നു.
ഒരു പാവം പിടിച്ച സർക്കാരുദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിടുവാൻ കൂട്ടുനിന്നവരെ സംരക്ഷിക്കുവാൻ വേണ്ടിയാണ് ഈ പടപ്പുറപ്പാടുകൾ എന്നത് വിസ്മരിക്കരുത്. നവീൻ ബാബുവിനും ഒരു കുടുംബമുണ്ട്. മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ അടുത്തദിവസം വീട്ടിലേക്ക് എത്തുമെന്ന് കരുതി കാത്തിരുന്ന ഭാര്യയും മക്കളും ഉണ്ട്. മരണത്തിന് വഴിയൊരുക്കിയവരെ വല്ലാതെ സംരക്ഷിക്കുന്നവർ അതുകൂടി ഓർക്കേണ്ടതുണ്ട്.