കോൺഗ്രസിൽ ആകെ നേതാക്കന്മാർ മാത്രമാണെന്ന വിമർശനമാണ് സിപിഎം ഇപ്പോൾ ഉയർത്തുന്നത്. മുഖ്യമന്ത്രി പോലും ഒരു വേളയിൽ രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെ ട്രോളിയിരുന്നു. കോൺഗ്രസിൽ ഒരുപിടി മുഖ്യമന്ത്രി സ്ഥാനാർത്ഥികളെന്ന് ആവർത്തിച്ചവർത്തിച്ച് പരിഹസിക്കുന്ന സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും കടുത്ത നേതൃദാരിദ്ര്യം നേരിടുകയാണെന്നതാണ് യാഥാർത്ഥ്യം.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൂർണ അധികാര പദവിയുള്ള ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പകരം കട്ടപ്പുറത്ത് കയറ്റിയ വാഹനം പെയിന്റടിച്ച് റോഡിലിറക്കുന്നത് പോലെ പതിനാല് വർഷം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് പെൻഷൻപറ്റിയ പ്രകാശ് കാരാട്ടിനെ പുതിയ കോ-ഓർഡിനേറ്ററേർ പദവി നൽകി പാതയിലിറക്കിയിരിക്കുന്നത്.
മധുര പാർട്ടി കോൺഗ്രസ് വരെയുള്ള താൽക്കാലിക സംവിധാനമാണെന്ന് പറയുന്നുണ്ടെങ്കിലും ഏപ്രിൽ മാസം മധുരയിലെത്തിയാൽ ആരെ ജനറൽ സെക്രട്ടറിയാക്കും എന്ന് ഇരുട്ടിൽ തപ്പുകയാണ് സിപിഎം. ഡൽഹിയിൽ പാർട്ടിയുടെ മുഖവും ദേഹവുമായി പ്രവർത്തിച്ച സീതാറാം യെച്ചൂരിയെപോലെ പ്രഗത്ഭരായ നേതാക്കൾ പാർട്ടിയിലില്ല.
ക്ഷേത്രം ചെറുതാണെങ്കിലുംപ്രതിഷ്ഠ വലുതാണെന്ന മട്ടിലുള്ള കഴിവുകളുടെ ഉടമയായിരുന്നു അദ്ദേഹം. ഹിന്ദിയിലും ഇംഗ്ലീഷിലും ഉറുദിലും തെലുങ്കിലും സംവദിക്കാനും പരിഭാഷകരില്ലാതെ പ്രസംഗിക്കാനും പ്രാപ്തിയുള്ള നേതാവായിരുന്നു യെച്ചൂരി. സ്വന്തം പാർട്ടിയുടെ പഠനത്തിനും പ്രഭാഷണത്തിനുമുള്ള പ്രത്യയശാസ്ത്ര പരിജ്ഞാനവും ഇതര പാർട്ടികളുടെ ആശയങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള അറിവും അദ്ദേഹത്തിന്റെ ആവനാഴിയിലെ അമ്പുകളായിരുന്നു.
ദേശീയതലത്തിലും ഡൽഹി രാഷ്ട്രീയത്തിലും സിപിഎം കൊച്ചുപാർട്ടിയാണെങ്കിലും യെച്ചൂരിയുടെ സാന്നിധ്യം പ്രതിപക്ഷ നിരയിൽ പ്രാധാന്യം നിറഞ്ഞ ഇടമാണ് യെച്ചൂരിക്ക് നൽകിയത്. പ്രത്യയശാസ്ത്രത്തിന്റെ തലക്കനമില്ലാത്ത എല്ലാവരോടും വിനയത്തോടെയുള്ള പെരുമാറ്റം സമൂഹത്തിൽ വലുപ്പചെറുപ്പമില്ലാത്ത ബന്ധങ്ങളും സൗഹാർദ്ദങ്ങളും യെച്ചൂരിക്ക് നൽകി. പി.സുന്ദരയ്യക്കും സുർജിതിനും
ഡൽഹിയുടെ ആഴവും പരപ്പും കാണിച്ചുകൊടുത്തത് ഇവരുടെ കൂടെ നിഴലായുണ്ടായിരുന്ന യെച്ചൂരിയായിരുന്നു. ഡൽഹിക്കും ഉത്തരേന്ത്യക്കും സിപിഎമ്മിനെ പരിചയപ്പെടുത്താൻ മുഖവുര ആവശ്യമാണങ്കിലും യെച്ചൂരി മുഖവുര ആവശ്യമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.
സിപിഎമ്മിന്റെ പതിനേഴംഗ പോളിറ്റ്ബ്യൂറോയിൽ യെച്ചൂരിക്ക് തുല്യൻ യെച്ചൂരി മാത്രമായിരുന്നു. പത്ത് എം എ ബേബിമാരെയും മുഹമ്മദ് സലിംമാരെയും കൂട്ടിവെച്ചാൽ ഒരു സീതാറാം യെച്ചൂരിക്ക് തുല്യമാവില്ല. അതുകൊണ്ടുതന്നെയാണ് യെച്ചൂരി മരിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പെരുമയും മികവിന്റെ പെരുക്കവുമുള്ള പകരക്കാരനെ കണ്ടെത്താൻ സിപിഎമ്മിന് സാധിക്കാത്തത്. ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം സിപിഎമ്മിനെ കൂട്ടിച്ചേർത്തതും യെച്ചൂരി തന്നെയായിരുന്നു. ഇന്ത്യയുടെ മതേതര ഭൂമികയിൽ സംഘപരിവാറിനെതിരെ കോൺഗ്രസുമായി വേണ്ടിവന്നാൽ ഐക്യം ആകാമെന്ന സന്ദേശം ഉറക്കെ പറഞ്ഞ സഖാവായിരുന്നു യെച്ചൂരി. അന്ന് അഭിപ്രായത്തോട് സിപിഎം കേരള ഘടകത്തിന് യോജിപ്പില്ലായിരുന്നു.
ദേശീയതലത്തിൽ മാത്രമല്ല സിപിഎമ്മിന് നേതാക്കൾ ഇല്ലാത്ത അവസ്ഥ. ഇന്ന് കേരളത്തിലും സ്ഥിതി വിഭന്നമല്ല. സംസ്ഥാനത്ത് പാർട്ടിയുടെ ചുക്കാൻ പിടിക്കുന്നത് ശരിയായ കൈകളല്ലെന്ന് ഒരുവിഭാഗം വിശ്വസിക്കുന്നു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രോഗബാധിതനായതിനെ തുടർന്ന് ചുമതല എ.വിജയരാഘവനെ ഏൽപ്പിക്കുകയായിരുന്നു. കോടിയേരിയുടെ വിസമ്മതത്തെ വകവെയ്ക്കാതെയുള്ള നടപടിയായിരുന്നിത്. പിന്നീട് കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചുവരികയും രോഗം മൂർച്ഛിച്ച് മരിക്കുകയും ചെയ്തു.
പാർട്ടി സെക്രട്ടറി സ്ഥാനം വഹിച്ചിരിക്കെ മരണപ്പെട്ട നേതാവ് എന്ന നിലയിൽ കോടിയേരിയുടെ ഭൗതികശരീരം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. പക്ഷെ, പിണറായി ഇടപെട്ട് മൃതശരീരം ദീർഘിച്ച വിലാപയാത്രയായി പുറപ്പെടാൻ അനുവദിച്ചില്ലെന്നാണ് നാം കേട്ടത്. കോടിയേരിയുടെ കുടുംബത്തെ മാത്രമല്ല കോടിയേരിയെ സ്നേഹിക്കുന്ന ഏവരെയും ഈ സംഭവം വേദനിപ്പിച്ചു. പക്ഷെ അത് പാർട്ടിക്കകത്ത് ഒരു കൊടുങ്കാറ്റായി വളരാതെ പിണറായി സൂക്ഷിച്ചു.
കുടുംബത്തിന്റെ അനിഷ്ടം കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്തേണ്ട അവസരം വന്നപ്പോൾ സ്വാഭാവികമായി എല്ലാവരും കരുതിയത് ഇ.പി ജയരാജൻ പാർട്ടി സെക്രട്ടറിയാകുമെന്നായിരുന്നു. എന്നാൽ പിണറായി ജയരാജനെ സമർത്ഥമായി വെട്ടിനിരത്തുകയായിരുന്നു. ഇന്നിപ്പോൾ സിപിഎമ്മിലെ മന്ത്രിമാരും എംഎൽഎമാരും അസ്വസ്ഥരാണ്.
ഊഴവും കാലാവധിയും വെച്ച് മത്സരിക്കാനും എംഎൽഎ ആകാനും മന്ത്രിമാരാകാനും യോഗ്യരായ നിരവധി നേതാക്കൾ നാലുകെട്ടിലെ ഹതഭാഗ്യരായ കഥാപാത്രങ്ങളെപ്പോലെ മൂത്തുനരച്ച് അകാല വാർധക്യം പേറി ജീവിക്കുകയാണ്. എട്ടുതവണ എംഎൽഎ ആവുകയും പതിനേഴ് വർഷം സംസ്ഥാനമന്ത്രിയും ഒൻപത് വർഷം മുഖ്യമന്ത്രിയാവുകയും ചെയ്ത പിണറായി വിജയൻ മറ്റുള്ളവർക്ക് ഊഴം കൽപ്പിച്ച് തനിക്ക് മാത്രം അത് ബാധകമാക്കാതിരിക്കുകയും ചെയ്യുന്ന അന്യായവും ഹീനവുമായ വഴിയിലാണ്. അപ്പോഴും ആ പാർട്ടിക്കുള്ളിൽ നിന്ന് വിമത സ്വരങ്ങൾ ഉയരുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഇനി കോൺഗ്രസിലേക്ക് വന്നാൽ സിപിഎമ്മുകാർ പരിഹാസത്തോടെ പറയുന്നതിൽ ചില കാര്യങ്ങളൊക്കെ ഉണ്ടെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തയ്പ്പിച്ച് ഒരു പിടി നേതാക്കളാണ് കാത്തിരിക്കുന്നത്. ഏറ്റവും ഒടുവിലായി ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ തന്നെ നമുക്ക് പരിശോധിക്കാം. ഒരു വശത്ത് യുഡിഎഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തുമ്പോൾ മറുവശത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തം നിലയിൽ പ്രചാരണത്തിൽ സജീവമാവുകയാണ്. അതുപോലെതന്നെ മാധ്യമങ്ങളോടുള്ള പ്രതികരണവും ഏറെക്കുറെ ഒരേസമയത്ത് രണ്ടുപേരും നടത്തുന്നു.
വിശ്വപൗരനെന്ന് പാർട്ടി പ്രചരിപ്പിക്കുന്ന മറ്റൊരു മഹാൻ അതേ ലക്ഷ്യത്തിലേക്ക് മറ്റൊരു വഴിക്ക് സഞ്ചരിക്കുന്നു. അധികാരത്തിൽ എത്തേണ്ട എംഎൽഎ മാരുടെ എണ്ണം തികയ്ക്കുവാനുള്ള പോരാട്ടമല്ല കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത്. ഏതുവിധേനയും മുഖ്യമന്ത്രി ആകുവാനുള്ള നെട്ടോട്ടമാണ് കോൺഗ്രസിൽ ഇപ്പോൾ ഉള്ളത്. ജനദ്രോഹ നയങ്ങളാൽ പൊറുതിമുട്ടി ജനങ്ങൾ ഈ സർക്കാരിനെതിരെ വോട്ട് രേഖപ്പെടുത്തുവാൻ തയ്യാറാകുമ്പോഴും കോൺഗ്രസിനുള്ളിലെ ‘മുഖ്യമന്ത്രി മത്സരം’ മൂന്നാം എൽഡിഎഫ് ഭരണത്തിന് വഴിയൊരുക്കുന്ന സൂചനയാണ് നൽകുന്നത്.