ഇടതുമുന്നണിയുടെ ഭാഗമായ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ കൈവശമുള്ള മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലം. നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രനാണ് കഴിഞ്ഞ മൂന്നു തവണകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അണികളുടെ എണ്ണം കൊണ്ടോ, എൻസിപിയുടെ സംഘടനാ സംവിധാനം കണ്ടോ ഒന്നും ആയിരുന്നില്ല, മറിച്ച് മുന്നണി സമവാക്യങ്ങളുടെ പേരിലാണ് എലത്തൂർ ശശീന്ദ്രന് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശശീന്ദ്രനും അവരുടെ പാർട്ടിക്കും സീറ്റ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കാലാകാലങ്ങളായി എലത്തൂരിലെ സിപിഎമ്മുകാർക്ക് മണ്ഡലം എൻ സി പി ക്ക് വിട്ടുകൊടുക്കുന്നതിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. അപ്പോഴും മുന്നണി മര്യാദ പാലിച്ചായിരുന്നു ഇടതു നേതൃത്വം സീറ്റ് നൽകിയിരുന്നത്.
മണ്ഡലം വിഭജനത്തിനു മുൻപ് 1980 മുതൽ 2006 വരെ തുടർച്ചയായി 26 വർഷം കോൺഗ്രസ് എസിലും പിന്നീട് എൻസിപിയിലും നേതാവായിരുന്ന എ സി ഷണ്മുഖദാസ് ആയിരുന്നു ദീർഘകാലത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. പിന്നീടാണ് ഷണ്മുഖദാസ് തന്റെ പഴയകാല സതീർത്ഥ്യനായ ശശീന്ദ്രന് മത്സരിക്കാനുള്ള അവസരം നൽകുന്നത്. പിന്നീട് മണ്ഡല വിഭജനം നടന്നപ്പോൾ ബാലുശ്ശേരി നിയോജകമണ്ഡലം, ബാലുശ്ശേരി സംവരണ മണ്ഡലവും എലത്തൂർ മണ്ഡലവുമായി രണ്ടായി വിഭജിക്കുകയായിരുന്നു. അന്നുമുതൽ ഇന്നുവരെ എലത്തൂർ എൻസിപിയുടെ കയ്യിൽ തന്നെയാണ്. സിപിഎമ്മിന്റെ നേതാക്കൾക്കിടയിൽ അടുത്ത വിയോജിപ്പ് നിലനിൽക്കുമ്പോഴും ശശീന്ദ്രൻ എംഎൽഎയായി തന്നെ തുടരുന്നു.
ഏറ്റവും ഒടുവിൽ വന്യജീവി അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലും സിപിഎമ്മും മന്ത്രിയും രണ്ടു തട്ടിലാണ്. എംഎൽഎയുടെ പ്രവർത്തനങ്ങളിലും പ്രദേശത്തെ സിപിഎമ്മുകാർക്ക് എതിർപ്പുകൾ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം പേരിനപ്പുറത്തേക്ക് പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. പ്രത്യേകിച്ച് സിപിഎമ്മിന്റെ യുവജന വിദ്യാർഥി സംഘടനകൾ.
വർഷങ്ങൾക്കു മുൻപ് എ സി ഷൺമുഖദാസിന്റെ കാലത്ത് കോഴിക്കോട് ജില്ലയിലും ബാലുശ്ശേരിയിലുമൊക്കെ കോൺഗ്രസ് എസിനും പിന്നീട് എൻസിപിക്കും ശക്തമായ ആൾബലം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രവർത്തന മികവ് കൊണ്ടുകൂടിയായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. അണികൾ പോട്ടെ, പറയത്തക്ക നേതാക്കൾ പോലും ഇല്ലാത്ത പാർട്ടിയായി എൻസിപി എസ് മാറി കഴിഞ്ഞിരിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ മാൻഡ്രേക്ക് എന്ന് ചിലരെങ്കിലും വിളിക്കാറുള്ള പിസി ചാക്കോയുടെ ആഗമനത്തോടെയാണ് എൻസിപി ഈയൊരു ദുർഗതിയിലേക്ക് എത്തുന്നത്. നാലുതവണ എംപിയായി അധികാരത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച ആളാണ് പി.സി ചാക്കോ. എന്നിട്ടും അധികാരത്തോടുള്ള കൊതി മാറാതെ അധികാരത്തിന് പിന്നാലെ അയാൾ അലയുകയായിരുന്നു. ആ അലച്ചിൽ പിന്നീട് അദ്ദേഹത്തെ എത്തിച്ചതാകട്ടെ എൻസിപിയിലും. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പീതാംബരൻ മാസ്റ്ററും ഉൾപ്പെടെ പ്രമുഖർ നിലകൊള്ളുന്ന എൻസിപിയിലേക്ക് കടന്നുവന്ന ഉടൻതന്നെയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷനായി മാറുന്നതും. ഇതാകട്ടെ അതുവരെ ആ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവർക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രഹരവുമായിരുന്നു. അവിടെ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് ഏറെക്കുറെ എൻസിപി എന്ന പാർട്ടിയെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് എൻസിപി ഏറെ ദുർബലമായ പാർട്ടിയായി പരിണമിച്ചിരിക്കുന്നു. ചാക്കോയുടെ വരവോടുകൂടി പേരും ചിഹ്നവും പോലും ഇല്ലാതായ പാർട്ടി അന്ത്യശ്വാസം വലിക്കുകയാണ്.
2026 തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എൻ സി പി എസ് ഇടതുമുന്നണിയിൽ ഉണ്ടാകുവാനുള്ള സാധ്യതകൾ പോലും ഇല്ലാതാക്കുന്ന രീതിയിലാണ് പാർട്ടിക്കുള്ളിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഭിന്നതകളും തമ്മിൽ തല്ലും. എ കെ ശശീന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയന് ഉള്ള പ്രത്യേക താല്പര്യം കൊണ്ടുമാത്രമാണ് എ കെ ശശീന്ദ്രൻ ഇപ്പോഴും മന്ത്രിയായി തുടരുന്നത്. എന്നാൽ ഇനിയും പാർട്ടി പ്രവർത്തകരുടെ താല്പര്യത്തിന് അപ്പുറം ശശീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കോ സിപിഎം നേതാക്കൾക്കോ കഴിയില്ല. സിപിഎം ജില്ലാ നേതൃത്വമാകട്ടെ പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ഏലത്തൂരിൽ എൻസിപി സ്ഥാനാർത്ഥികളെ ഇനി അടുപ്പിക്കുവാൻ സാധ്യതയില്ല.ആരോഗ്യപരമായ കാരണങ്ങളാൽ അടുത്ത തവണ എ കെ ശശീന്ദ്രൻ മത്സരിക്കാനുള്ള സാധ്യതയില്ല. പകരം ഏതെങ്കിലും ഒരു എൻസിപികാരൻ എലത്തൂരിൽ സ്ഥാനാർത്ഥിയായാൽ, യുഡിഎഫ് ഉന്നതമായ വിജയം മണ്ഡലത്തിൽ നേടുകയും ചെയ്യും.
സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കുന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം സംസ്ഥാന നേതൃത്വവുമായി നടത്തി കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റർ ഒട്ടിക്കാൻ പോലും ആളില്ലാത്ത ഒരു ഈർക്കിൽ പാർട്ടിക്ക്, സിപിഎമ്മിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന എലത്തൂർ പോലുള്ള ഒരു മണ്ഡലം നൽകേണ്ടതില്ലെന്നു തന്നെയാണ് സി പി എം പ്രാദേശിക നേതൃത്വത്തിന്റെയും ശക്തമായ നിലപാട് അതവർ ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുമുണ്ട്.
എലത്തൂർ മണ്ഡലം സിപിഎം ഏറ്റെടുക്കുമ്പോൾ ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേര് പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ എം മെഹബൂബിന്റേതാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്ന ചുമതലകൾ വഹിച്ച അദ്ദേഹം മണ്ഡലത്തിൽ സുപരിചിതനാണ്. സഹകരണ മേഖലയിൽ വലിയ അനുഭവ സമ്പത്തുള്ള നേതാവാണ് മെഹബൂബ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായ ആളാണ് എം മെഹ്ബൂബ്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്.
ഇതിനെല്ലാം അപ്പുറത്ത് പിണറായി വിജയന്റെയും, മുഹമ്മദ് റിയാസിന്റെയും ഗുഡ് ബുക്കിൽ ഉള്ള ആൾ കൂടിയാണ് മെഹബൂബ്. അതുകൊണ്ടുതന്നെ എലത്തൂരിൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മറ്റ് അത്ഭുതങ്ങൾക്കൊന്നും വഴിയില്ല. ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായ ബാലുശ്ശേരിയിലും തുടർന്ന് എലത്തൂരിലും,1996 മുതൽ തന്നെ ഓരോ തെരഞ്ഞെടുപ്പിലും സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹവും, യോഗ്യതയും ഉണ്ടായിരുന്ന യുവ നേതാവ് കൂടിയായിരുന്നു എം മെഹബൂബ്. മുന്നണി സമവാക്യങ്ങളുടെ പേരിൽ മാറ്റി നിർത്തപ്പെടുമ്പോഴും പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിനൊപ്പം, പാർട്ടിയെ ശക്തിപ്പെടുത്തുവാൻ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. എ സി ഷണ്മുഖദാസിന്റെയും, തുടർന്ന് എ കെ ശശീന്ദ്രന്റെയും തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് മുന്നിൽ നിന്നും പ്രവർത്തിച്ച നേതാവിനെ ഇനിയും മാറ്റി നിർത്തുവാൻ പാർട്ടിക്ക് കഴിയില്ല. സിപിഎം നേതൃത്വം മെഹബൂബിലേക്ക് എലത്തൂരിലെ സ്ഥാനാർത്ഥിത്വത്തെ എത്തിച്ചാൽ അദ്ദേഹത്തിലൂടെ എൽഡിഎഫിന് തന്നെ മണ്ഡലം നിലനിർത്താനാകും.