ന്യൂഡൽഹി: 2023–24 സാമ്പത്തിക വർഷത്തെ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയും ചെലവ് 127.28 കോടി രൂപയും ആണെന്ന്
കണക്ക്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ പരാമർശിക്കുന്നത്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 25.97 കോടി രൂപയുടെ വർധനയുണ്ടായി. 2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപയും ചെലവ് 13.80 കോടി രൂപയുമാണ്. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ വർധനവുണ്ടായി. കേരള കോൺഗ്രസ് (എം) വാർഷിക വരുമാനം 1.28 കോടി രൂപ, ചെലവ് 23.90 ലക്ഷം രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ വരുമാനം 14.20 ലക്ഷം രൂപയായിരുന്നു. വർധന ഉണ്ടായത് 1.14 കോടി രൂപ.
ഇലക്ടറൽ ബോണ്ട് വഴിയുള്ള സംഭാവനയാണ് പല രാഷ്ട്രീയ പാർട്ടികളുടെയും 2023–24 ലെ പ്രധാന വരുമാനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
തൃണമൂലിന് 612 കോടി രൂപ, ബിആർഎസിന് 495.5 കോടി രൂപ, ബിജെഡിക്ക് 245.5 കോടി രൂപ, ടിഡിപിക്ക് 174.1 കോടി രൂപ, വൈഎസ്ആർ കോൺഗ്രസിന് 121.5 കോടി രൂപ, ഡിഎംകെക്ക് 60 കോടി രൂപ, ആംആദ്മി പാർട്ടിക്ക് 10.1 കോടി രൂപ എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ കഴിഞ്ഞവർഷം സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതാക്കി.