ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ലോക്സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങള്‍ എംപിയുടെ പിതാവും എസ്പി എംഎല്‍എയുമായ തൂഫാനി സരോജ് തള്ളി. എന്നാല്‍, ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാല്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും തൂഫാനി സരോജ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു റിങ്കു സിങ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി മിന്നും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് റിങ്കു , ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ മച്ച്ലിഷഹറില്നിന്നുള്ള ലോക്സഭാ എംപിയാണ് പ്രിയ സരോജ്. മാത്രവുമല്ല സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണവര്‍.
നിലവില്‍ ഇന്ത്യയുടെ ടി20 സംഘത്തില്‍ സ്ഥിരാംഗമാണ് റിങ്കു സിങ്. 22ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കായുള്ള സ്ക്വാഡിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ സംഘത്തിലും റിങ്കു ഉണ്ടാകുമെന്നാണു സൂചന. അടുത്തിടെ അലിഗഢില്‍ പുതിയ വീട് വാങ്ങിയ താരം വിവാഹശേഷം ഇവിടെ സ്ഥിരതാമസമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.