ലണ്ടന്‍:ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം വിവാദത്തില്‍.മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാന് ചാംപ്യന്‍സിനെ തകര്‍ത്ത ഇന്ത്യ കിരീടം ചൂടി.ഇതിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്ഭജന് സിംഗ് എന്നിവര്‍ വിജയമാഘോഷിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു.ജനപ്രിയ ഗാനമായ ‘തോബ തോബ’ പാട്ടിന് മുടന്തിക്കൊണ്ട് നൃത്തം ചെയ്താണ് മൂവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.ഭിന്നശേഷിക്കാരെ കളിയാക്കുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിന് പൊലീസില്‍ പരാതിയുമെത്തി.
എന്നാല്‍ താരങ്ങളുടെ പ്രവൃത്തി വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തി. പാരാ ബാഡ്മിന്റണ്‍ താരം മാനസി ജോഷി ഉള്‍പ്പടെയുള്ളവര്‍ മുന്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഇന്ത്യയുടെ മുന്‍ താരങ്ങള്‍ അംഗവൈകല്യമുള്ളവരെ അപഹസിച്ചെന്നാണ് പരാതി. സംഭവത്തില്‍ എപ്ലോയ്മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അര്മാന് അലി ദില്ലി പോലീസില്‍ പരാതിയും നല്കി. വീഡിയോ കൈവിട്ടെന്ന് മനസ്സിലാക്കിയതോടെ മാപ്പ് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തി.