പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കുവാൻ എത്തിയ നിരവധി പേരാണ് തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കുംഭമേളയിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ല.
ഭാരത സംസ്കാരത്തിന്റെ പ്രതീകമെന്നോണം സർക്കാർ തലത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന കുംഭമേളയിലെ കൂട്ടമരണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഏറ്റവും കൂടുതലാളുകൾ മരണപ്പെട്ടിരിക്കുന്നത് ഇപ്പോൾ അപകടമുണ്ടായ പ്രയാഗ് രാജിൽ തന്നെയാണെന്ന് മനസ്സിലാകും.
കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 1954ലായിരുന്നു. അതും പ്രയാഗ് രാജിൽ തന്നെ. 800 പേർക്കാണ് അന്ന് തിരക്കിൽ നിലത്ത് വീണ് ചവിട്ടേറ്റും, പുഴയിൽ മുങ്ങിയും ജീവൻ നഷ്ടമായത്. അതും ഒരു പ്രധാന ദിവസത്തെ മുഖ്യ സ്നാനത്തിനിടെയായിരുന്നു.
ആകെ അമ്പത് ലക്ഷം പേരാണ് അന്ന് കുംഭമേളക്കെത്തിയത്. അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇതേ ദിവസം കുംഭമേള സന്ദർശിച്ചിരുന്നു എന്നും, നെഹ്റുവിനെ കാണാനുള്ള തിരക്കിൽപ്പെട്ടാണ് ആളുകൾ മരിച്ചതെന്നുമുള്ള പ്രചാരണവും അന്നും വ്യാപകമായി ഉയർന്നിരുന്നു.
1986 ഏപ്രിൽ 14ന് ഒരു കോടി ആളുകൾ പങ്കെടുത്ത അന്നത്തെ ഹരിദ്വാർ കുംഭമേളയിൽ ഇരുനൂറ് പേർക്കായിരുന്നു ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ സ്നാനം ചെയ്യാനിറങ്ങിയ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സാധാരണക്കാരെ തടഞ്ഞതാണ് തിരക്കിനു കാരണമായത്. കാത്തുനിന്ന് ക്ഷമ നശിച്ച ജനക്കൂട്ടം ബലമായി നദീതീരത്തേക്ക് കടക്കാൻ ശ്രമിച്ചത് അനിയന്ത്രിതമായ തിരക്കുണ്ടാക്കി.
2013 ഫെബ്രുവരി 10 ന് 12 കോടി ആളുകളായിരുന്നു അന്നത്തെ കുംഭമേളയിൽ പങ്കെടുത്തത്. അനിയന്ത്രിതമായ തിരക്ക് കാരണം അന്ന് ദുരന്തമുണ്ടായത് നദീതീരത്തല്ല, മറിച്ച് റെയിൽവേ സ്റ്റേഷനിലായിരുന്നു. സ്റ്റേഷനിൽ ഒരു നടപ്പാലം തകർന്നു വീണതിനെത്തുടർന്ന് പരിഭ്രാന്തരായ ആളുകൾ തിക്കും തിരക്കുമുണ്ടാക്കിയതു കാരണം 42 പേർ മരിച്ചു. മൗനി അമാവാസി ദിവസം തന്നെയുണ്ടായ ഈ അപകടത്തിൽ 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് മൂന്ന് കുംഭമേളകളിലെങ്കിലും തിക്കും തിരക്കും കാരണം വലിയ തോതിൽ സന്ദർശകർ മരിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് ഡൽഹിയിൽ കുംഭ മേളയ്ക്ക് പങ്കെടുക്കുവാൻ എത്തിയവർ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടത്.
മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെട്ടു. കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കാണ് അപകടത്തിലേക്ക് നയിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയവരാണ്. കഴിഞ്ഞദിവസം പ്രയാഗ്രാജില് മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു പേരാണ് മരണപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് നിരവധി ജീവനുകള്‍ നഷ്ടമായ വാര്‍ത്ത രാജ്യം ഏറെ ഞെട്ടലോടെയാണ് കേട്ടത്.
ഇത്തരത്തില്‍ മതചടങ്ങുകളില്‍ വിശ്വാസികള്‍ തിങ്ങിക്കൂടിയുള്ള തിക്കിലും തിരക്കിലും പെട്ടുണ്ടാകുന്ന അപകട മരണങ്ങള് രാജ്യത്ത് ഇതാദ്യമായല്ല. ഈയടുത്ത കാലങ്ങളിലായി ഇതില്‍ വലിയ വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ സത്സംഗിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിച്ച സംഭവമാണ് ഇതില്‍ ഏറ്റവും വലുത്. മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു.
മഹാരാഷ്ട്രയിലെ മന്ത്രാദേവി ക്ഷേത്രത്തില്‍ 2005 ലുണ്ടായ സമാനമായ സംഭവത്തില്‍ 340 ഭക്തര്‍ക്ക് ജീവന് നഷ്ടമായി. 2008ല്‍ രാജസ്ഥാനിലെ ചാമുണ്ട ദേവി ക്ഷേത്രത്തില്‍ 250 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 2008 ല്‍ തന്നെ ഹിമാചല്‍ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ മറ്റൊരു തിക്കിലും തിരക്കിലും 162 ജീവന് നഷ്ടമായി.
ഇത്രത്തോളം ആളുകൾ വരുന്ന ചടങ്ങുകളെ സർക്കാർ സംവിധാനങ്ങൾ ഗൗരവകരമായി കാണുന്നില്ലെന്നതാണ് അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കുന്നത്. പ്രയാഗ് രാജിലെ തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നത് സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ച തന്നെയാണ്. ഇത്രത്തോളം ആളുകൾ വരുമെന്ന് അറിയുമായിരുന്നിട്ടും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന് വീഴ്ച സംഭവിച്ചു.
കേന്ദ്രസർക്കാരും കാര്യമായി ഒന്നും വിഷയത്തിൽ ഇടപെടുകയും ചെയ്തിട്ടില്ല. ഭരണസംവിധാനങ്ങളുടെ പരാജയം തന്നെയാണ് കുംഭമേളയ്ക്ക് ഇടയിൽ തിക്കിലും തിരക്കിലും ആളുകൾ കൊല്ലപ്പെടുന്നതിലേക്ക് നയിച്ചിരിക്കുന്നത്. ഇനിയെങ്കിലും ഭരണസംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ആവർത്തിച്ചേക്കാം.