കൊച്ചി: സിഎസ്ആർ ഫണ്ട് പകുതി വില തട്ടിപ്പിൽ പ്രതികരിച്ച് പ്രതി അനന്തു കൃഷ്ണൻ. സത്യം പുറത്ത് വരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സന്നദ്ധ സംഘടനകൾ വഴിയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും അനന്തു പറഞ്ഞു. നിലവിൽ അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തു കൃഷ്ണൻ്റെ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങൾ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. അനന്തു കൃഷ്ണൻ്റെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.