കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക -ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതിന്റെ ഫലമായാണ് പുതിയ മഴമുന്നറിയിപ്പ് പുറത്ത് വന്നത്.ഓഗസ്റ്റ് ഇരുപത്തിനാലോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 25ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.
നിലവില്‍ കേരളത്തില്‍ ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല.എന്നാല്‍ ശക്തമായ മഴ പ്രവചിച്ചിട്ടുള്ള ഓഗസ്റ്റ് 25നും 26നും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.