ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇതേതുടര്‍ന്ന് ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്.
ദാന ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ്
ഒന്നിലധികം ജില്ലകളെ ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു. ഗതാഗത സംവിധാനങ്ങളെയും ചുഴലിക്കാറ്റ്
ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും വന്മരങ്ങള് ഉള്‍പ്പടെ കടപുഴകി വീണു. എന്നാല്‍ ഇതുവരെ വലിയ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.