കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിലെ സംഘാടകർക്കെതിരെ നർത്തകിമാർ രംഗത്ത്. നർത്തകിമാർ പങ്കെടുത്തത് 5100 രൂപ രജിസ്ട്രേഷൻ ഫീസായി നൽകിയിട്ടാണെന്ന് പരിപാടിയിൽ പങ്കെടുത്ത ഒരു നർത്തകി പ്രതികരിച്ചു. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകിയാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് ഇവർ പറയുന്നത്. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണ്.
താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ പറഞ്ഞു. ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകർക്ക് ഗോൾഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.