എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ പി.പി. ദിവ്യ കീഴടങ്ങില്ല. അഭ്യൂഹങ്ങൾ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങൾ. മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് വേളയിൽ വിവാദങ്ങൾ ആയുധമാക്കി പ്രതിപക്ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
എന്നാൽ ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് വരും. വിധിയെന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതിൽ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമാണ് ദിവ്യയുടെ ജാമ്യഹർജിയിലെ വാദം.