എടപ്പാൾ : ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് സുകാന്ത് സുരേഷും മാതാപിതാക്കളും വീട് പൂട്ടിപോയ സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾ പട്ടിണിയിലായതായി റിപ്പോർട്ട്. പശുക്കളും നാല് പശുക്കിടാങ്ങളും , കോഴികളും , വളർത്തു നായയെയും ആരെയും ഏൽപ്പിക്കാതെയാണ് സുകാന്തും മാതാപിതാക്കളും മുങ്ങിയതെന്നാണ് വിവരം. മേഘയുടെ മരണത്തിലെ അന്വേഷണം ഐ ബി ഉദ്യോഗസ്ഥനായ സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു മാതാപിതാക്കൾ മുങ്ങിയത്.
അതേസമയം ഇവർ ആരോടും പറയാതെ വീട് വിട്ട് പോയ സാഹചര്യത്തിൽ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് വ്യക്തമാക്കി. അതേസമയം കേസിൽ ആരോപണവിധേയനായ സുകാന്ത് ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. മേഘയുടെ മരണത്തിന് പിന്നാലെ തന്നെ ഇവരുടെ കുടുംബം ആൺസുഹൃത്തായ സുകാന്തിനെതിരെ ആരോപണവുമായി വന്നിരുന്നു.