കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഐആർഎസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലെന്ന് പൊലീസ് അറിയിച്ചത്. ഇന്ന് രാവിലെ പത്തിനാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോര്‍ട്ടം തുടങ്ങിയത്.
മനീഷും സഹോദരിയും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. എന്നാൽ ഇവരുടെ അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു കണ്ടെത്തിയത്. പൂക്കള്‍ വാങ്ങിയതിന്റെ ബില്ലും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഇവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തൂങ്ങി മരിച്ചശേഷം അമ്മയെ കിടക്കയിൽ കിടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
തുടർന്ന് മൂന്നുപേരുടെയും സംസ്കാര ചടങ്ങുകള്‍ അത്താണിയിലെ പൊതുശ്മശാനത്തിൽ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷംകാക്കനാട് അത്താണിയിലെ പൊതുസ്മശാനത്തിൽ എത്തിച്ചു. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിനെത്തി.