എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുക്കാരൻ മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ. കുട്ടി മറ്റ് അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും പൊതുവിദ്യാഭാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി ഉണ്ടോ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്നും കൃത്യമായ എൻഒസി രേഖ സ്കൂൾ നൽകിയിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
വ്യക്തമായ രേഖകൾ ഇല്ലെങ്കിൽ അതും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകും. കോടതി കേസിൽ പോക്സോ ചുമത്താനുള്ള സാധ്യത പരിശോധിക്കും. വിട്ടുവീഴ്ച്ചക്കളില്ലാത്ത അന്വേഷണം ഉറപ്പ് വരുത്തുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. സ്കൂളിൽ മറ്റ് വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനം നൊന്താണ് മിഹിർ ജീവനൊടുക്കിയത് .
കൂടാതെ മിഹിർ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മിഹിറിന്റെ മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്.മിഹിറിന്റെ മരണം ഞെട്ടിക്കുന്നതെന്ന് പറഞ്ഞായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് നിർദേശിച്ചത്.