കോഴിക്കോട് : വടകരയിൽ കാരവാനിനുള്ളിൽ യുവാക്കളുടെ മരണത്തിന് പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം. വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വിഷവാതകത്തിന്റെ തോത് നാനൂറ് പോയിന്റ് കടന്നാൽ മരണം സംഭവിക്കും.
പരിശോധനയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 400 പോയിന്റ് കടന്നിരുന്നു. ഇതാവും മരണത്തിന് കാരണം. എ സിയിൽ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്. ഡിസംബർ 23 നാണ് മനോജ് കുമാർ, ജോയൽ എന്നിവരെ കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.