ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ഈ ആവശ്യം ശക്തമാക്കിയത്.
തെലങ്കാന നിയമസഭയുടെ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നതായും പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്മോഹന് സിങ്ങിന് ഭാരത രത്ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്. എന്നാല്‍ തെലങ്കാന നിയമസഭ പ്രമേയത്തെ ബിജെപി എതിർത്തു. തെലങ്കാനയുടെ സ്വന്തം പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ പ്രതിമയാണ് ആദ്യം സ്ഥാപിക്കേണ്ടതെന്ന് ബിജെപി എംഎല്‍എ ആളേരു മഹേശ്വര് റെഡ്ഡി ആവശ്യപ്പെട്ടു. മാത്രമല്ല സിഖ് വോട്ടുകളില്‍ കണ്ണുവെച്ചാണ് കോണ്‍ഗ്രസ് മന്മോഹന് സിങ്ങിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു.