കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ടവറിലെ 2 ഫ്ലാറ്റുകകൾ മരട് മാതൃകയിൽ പൊളിച്ച് നീക്കും. പൊളിക്കൽ തിയതി അടക്കമുള്ള കാര്യങ്ങളിൽ 15 ന് കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകളാണ് പൊളിച്ച് നീക്കുക. ഫ്ലാറ്റുകൾ പൊളിച്ച് നീക്കി പുനര്‍ നിര്‍മിക്കുന്നതിന് 175 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2020 ജനുവരി 11,12 തീയതികളിൽ കൊച്ചി മരട് മുൻസിപ്പാലിറ്റിയിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിഞ്ഞു വീഴുന്നത് ആശ്ചര്യത്തോടെയാണ് മലയാളികൾ വാർത്ത-സമൂഹ്യമാധ്യമങ്ങൾ നോക്കിക്കണ്ടത്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് കൊണ്ട് തന്നെ നിർമാണ ക്രമക്കേട് മൂലം വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഒരുങ്ങുമ്പോഴുള്ള ആശങ്കകളും നന്നേ കുറവാണ്.