ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുൻ പാർലമെന്റ് അംഗവുമായ ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ധാക്ക കോടതി ഉത്തരവിട്ടു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ചെക്ക് തട്ടിപ്പ് കേസിൽ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്.
IFIC ബാങ്കിൽ നിന്ന് 2017-ൽ 2.5 കോടി ടാക്ക (ബംഗ്ലാദേശ് കറൻസി) വായ്പയെടുത്ത ഷാക്കിബ്, അത് തിരിച്ചടയ്ക്കാനായി രണ്ട് ചെക്കുകൾ നൽകിയിരുന്നു. എന്നാല്‍, ഫണ്ടില്ലാത്തതിനാൽ ചെക്കുകൾ നിരസിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, IFIC ബാങ്കിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ മുഹമ്മദ് ഹഖിബുർ റഹ്മാൻ നൽകിയ പരാതിയിനെ തുടർന്ന്, ധാക്ക അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സിയാദുർ റഹ്മാൻ കോടതിയാണ് മാർച്ച് 24-ന് ഷാക്കിബ് അൽ ഹസന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്.
2024ൽ ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയിൽ നിന്ന് മകുര-1 മണ്ഡലത്തിൽ നിന്ന് വിജയിച്ച ഷാക്കിബ്, പിന്നീട് വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തകർന്ന ഹസീന സർക്കാരിനൊപ്പം എംപി സ്ഥാനവും നഷ്ടപ്പെട്ടു.
നിലവിൽ, ഈ നിയമപ്രശ്നങ്ങൾ ഷാക്കിബിന്റെ ക്രിക്കറ്റ് കരിയറിനും മറ്റും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്കയുണ്ട്.