കൊച്ചി: ശബരിമലയില്‍ വിഐപി പരിഗണനയില്‍ ദിലീപും സംഘവും ദര്‍ശനം നടത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ ‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും.
നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതികള്‍ ദിലീപിനൊപ്പം വിഐപി ദര്‍ശനം നേടി, ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്നാണ് ദര്‍ശനം തേടിയത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. ഈ നടപടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.