താമരശ്ശേരി : പരപ്പൻപൊയിൽ കതിരോട് അയൽവീട്ടുകാർ തമ്മിലുണ്ടായ അസ്വാരസ്യത്തിന്റെ തുടർച്ചയായി സംഘർഷം. മുപ്പതോളം വരുന്ന സംഘത്തിന്റെ ആക്രമണത്തിൽ കുടുംബാംഗങ്ങളായ ആറുപേർക്ക് പരിക്കേറ്റു. പരപ്പൻപൊയിൽ കതിരോട് പൂളക്കൽ നൗഷാദിന്റെ ഭാര്യ മുനീറ, നൗഷാദിന്റെ മാതാവ് മൈമൂന, പിതാവ് ഹംസ, കുടുംബാംഗങ്ങളായ കർണാടക സ്വദേശി ഷാഫി, കൂത്തുപറമ്പ് സ്വദേശികളായ ഷംനാസ്, ഷഫ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്.
അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ. സുരേഷ് ബാബു, എസ്.സി.പി.ഒ. മുജീബ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും ഗുഡ്സ് ഓട്ടോയുമുൾപ്പെടെ മൂന്നുവാഹനങ്ങൾ അടിച്ചുതകർത്ത അക്രമികൾ വീടിന്റെ ജനൽച്ചില്ലുകളും തകർത്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
പരപ്പൻപൊയിൽ അങ്ങാടിയിൽ ഗതാഗതതടസ്സമുണ്ടാക്കിയ വാഹനത്തിന് പിറകിൽനിന്ന് ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് കതിരോട് പൂളക്കൽ നൗഷാദും പുറകിലെ കാറിലുണ്ടായിരുന്ന അയൽവീട്ടുകാരും തമ്മിൽ കഴിഞ്ഞദിവസം വാക്കേറ്റമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി അന്ന് രാത്രി പത്തുമണിയോടെ അയൽവാസികളിലൊരാൾ നൗഷാദിനെ താക്കോൽകൊണ്ട് മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് അയൽവീട്ടിലെ കൗമാരക്കാരനും നൗഷാദിന്റെ വീട്ടിലെത്തിയ ബന്ധുക്കളും തമ്മിൽ കൈയാങ്കളിയുണ്ടായി. ഇതിനിടെ ചികിത്സയിലായിരുന്ന നൗഷാദ് വ്യാഴാഴ്ച ആശുപത്രിയിൽനിന്ന് മടങ്ങിയശേഷം നൗഷാദിന്റെ ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി. പ്രദേശവാസിയായ കൗമാരക്കാരനെ പുറമേനിന്നെത്തിയവർ കൈയേറ്റം ചെയ്തെന്ന പ്രചാരണമുണ്ടായതോടെ ഒരുസംഘം ആളുകൾ പ്രദേശത്ത് സംഘടിച്ചെത്തി.
സ്റ്റേഷനിലേക്ക് പോയ നൗഷാദിന്റെ ബന്ധുക്കൾ അവരുടെ കാറിൽ കതിരോടിലെ വീട്ടിലെക്കെത്തവെ പ്രദേശത്ത് കാത്തുനിന്നിരുന്ന മുപ്പതോളംവരുന്ന സംഘം കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ലുകളും ബോണറ്റും കല്ലുകൊണ്ടും മറ്റും അടിച്ചുതകർക്കുകയും കാറിനുള്ളിലുണ്ടായിരുന്നവരെ മർദിക്കുകയും ചെയ്തു.
ഷാഫി, ഷംനാസ്, ഷഫ്റിൻ, ഹംസ എന്നിവർക്കും അക്രമം തടയാനെത്തിയ രണ്ടുസ്ത്രീകൾക്കും പരിക്കേറ്റു. കാറിലെത്തിയവർക്കൊപ്പം പരാതി അന്വേഷിക്കാൻവന്ന രണ്ടു പോലീസുദ്യോഗസ്ഥരെ തള്ളിമാറ്റിയായിരുന്നു അക്രമം. തൊട്ടപ്പുറത്തെ പറമ്പിൽ നിർത്തിയിട്ട നൗഷാദിന്റെ ഓട്ടോയുടെയും ഗുഡ്സ് ഓട്ടോയുടെയും ചില്ലുകൾ തകർത്ത അക്രമികൾ ഇദ്ദേഹത്തിന്റെ വീട്ടിലേക്കും സംഘടിച്ചെത്തി.
അക്രമം ഭയന്ന് വീട്ടിലുള്ളവർ വാതിലടച്ച് ഉള്ളിലേക്ക് കയറിയതോടെ വീടിന്റെ ജനൽച്ചില്ലുകൾ പുറമേനിന്ന് അടിച്ചുതകർത്തു. സംഘർഷത്തെത്തുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പി. എം.പി. വിനോദ്, ഇൻസ്പെക്ടർ കെ.ഒ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്തു.