കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ സൈനിക പിൻമാറ്റ നടപടികൾ പൂർത്തിയായത്തോടെ ഇന്ത്യയുടെയും ചൈനയുടെയും അതിർത്തി ബന്ധം കൂടുതൽ ദൃഢമായി. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇരുവിഭാഗങ്ങളുടെയും ഏകോപിത പെട്രോളിങ് ഉടൻ ആരംഭിക്കും.
പുതിയ ചുവടുവെപ്പിന്റെ ഭാഗമായി ദീപാവലി ദിവസമായ ഇന്ന് ഇരുരാജ്യങ്ങളിലെ സൈനികർ തമ്മിൽ മധുരം കൈമാറും. 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ പിരിമുറക്കം നിലനിന്നിരുന്നു.
റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടികാഴ്ച നടന്നിരുന്നു . അഞ്ചു വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടന്നത്. അതിർത്തി തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ച.
അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള കരാറിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്ന് ഷി ജിൻപിങ് പറഞ്ഞു.
ചൈനക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. ലോകത്തിലെ ഉഭയകക്ഷി ബന്ധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം. സൈനികരെ പിൻവലിക്കൽ ,താത്കാലിക നിർമിതികൾ നീക്കം ചെയ്യൽ തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങൾ .
തുല്യവും പരസ്പര സുരക്ഷയും അടിസ്ഥാനമാക്കിയാണ് കരാറിലെത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പിൻമാറ്റ നടപടികൾ ഏകദേശം പൂർത്തിയായെന്ന് അദ്ദേഹം വ്യക്തമാക്കി.