കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയോ?കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്താനായി കേരളത്തില്‍ ശത്രുവൈരഭിയാഗം നടത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയെങ്കില്‍ അത് ദേശീയതലത്തില്‍ തന്നെ കേരളത്തിന് വലിയ നാണക്കേടാണ്. പോത്തുകളെയും ആടുകളേയും പന്നികളേയും ബലി നല്‍കിയുള്ള യാഗമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്താണ് യാഗം നടന്നതെന്നാണ് ഉയരുന്ന ആരോപണം.തളിപ്പറമ്പിലാണ് ഈ രാജരാജേശ്വര ക്ഷേത്രം.
ക്ഷേത്രത്തിന് സമീപ പ്രദേശത്താണ് യാഗം നടന്നതെന്നും, യാഗത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നുമാണ് ഡി കെ പറയുന്നത്. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലുമുള്ള നിരവധി വിശ്വാസികള്‍ ദര്‍ശനത്തിനായെത്തുന്ന ക്ഷേത്രമാണ് രാജരാജേശ്വരം ക്ഷേത്രം.തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും ശ്രീലങ്കന്‍ പ്രസിഡണ്ടായിരുന്ന സിരിമാവോ ഭണ്ഡാരനായേയുമൊക്കെ സന്ദര്ശിച്ചതിലുടെയാണ് രാജരാജേശ്വരി ക്ഷേത്രം ഏറെ പ്രസിദ്ധമാവുന്നത്.
യാഗവുമായി ഈ ക്ഷേത്രത്തിന് എന്തു ബന്ധമാണുള്ളതെന്നാണ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കേണ്ടത്.മറ്റൊരു സംസ്ഥാനത്തെ ഭരണം അസ്ഥിരപ്പെടുത്താനായി കേരളത്തില്‍ യാഗം നടന്നുവെന്നു പറയപ്പെടുന്നത് തന്നെ ഏറെ കൗതുകമുളനാക്കുന്നതാണ്. കര്‍ണ്ണാടക ഇന്റലിജന്‍സ് ഇതന്വേഷിക്കാനായി കേരളത്തില്‍ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുകൂടിയായ ഡി കെ ശിവകുമാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ആഭിചാര ക്രിയ നടന്നതില്‍ കേരളത്തിലെ സര്‍ക്കാരിനെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമീപിക്കാത്തതെന്നതും ദുരൂഹമാണ്.വിശ്വാസത്തിന്റെ പേരില്‍ കാണിച്ചുകൂട്ടുന്ന മൃഗബലി നിരോധിച്ചിട്ടുള്ളതാണ്.ഡി കെ ആരോപിക്കുന്നത് പ്രകാരമുള്ളൊരു വലിയ ശത്രുസംഹാര യാഗം ആരും അറിയാതെ നടത്താന്‍ കേരളത്തില്‍ പറ്റുമോ എന്നാണ് ഉയരുന്ന സംശയം.
അതും തളിപ്പറമ്പ് പോലുള്ള സ്ഥലത്ത് അതിനുള്ള സാധ്യത ഏറെ വിരളമാണ്. അങ്ങിനെ സംഭവിച്ചെങ്കില്‍ കേരളത്തിലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നുവേണം കരുതാന്‍.തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഇല്ലാതാക്കാനുള്ള ദുര്‍മന്ത്രവാദമാണ് നടന്നതെന്നാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആരോപിക്കുന്നത്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി ഒരു സംസ്ഥാനത്തെ ഭരണത്തെ വീഴ്ത്താന്‍ കഴിയുമെന്നൊക്കെ വിശ്വസിക്കുന്നവരാണോ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വമെന്നതും ഏറെ പരിഹാസ്യമാണ്.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കര്‍ണ്ണാടകയിലെ ചിലനേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നതെന്നാണ് ഡി കെ പറയുന്നത്. പഞ്ചമൃഗബലിയും യാഗവും നടന്നെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം. ആരാണ് ഇത്തരം പൂജകള്‍ നടത്തുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. ശിവകുമാര്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരം ആഭിചാര ക്രിയകള്‍ നടത്തുന്നരുടെ പേരുവിവരങ്ങള്‍ കേരളസര്‍ക്കാരിന് കൈമാറുകയാണ് ചെയ്യേണ്ടത്.
കര്‍ണ്ണാടയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി കണ്ണൂര്‍ തളിപ്പറമ്പില്‍ ശത്രുസംഹാര യാഗം നടത്തിയെന്ന വാര്‍ത്ത രാഷ്ട്രീയ പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന എല്ലാവര്ക്കും നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ജനപ്രതിനിധിയായിരിക്കുന്ന തളിപ്പറമ്പില്‍ ഇത്തരമൊരു യാഗം നടത്തിയെങ്കില്‍ അത് സി പി എമ്മിന്റെയും പുരോഗമന പ്രസ്ഥാനത്തിന്റെയും അപചയമായിമാത്രമേ കാണാനാവൂ.
കേരളത്തിലെ പുരോഗമന സര്‍ക്കാര്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വയമേവ അന്വേഷണം നടത്തണം. സി പി എമ്മും ഈ ആരോപണം അന്വേഷിക്കാന്‍ തയ്യാറാവണം. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇക്കാര്യത്തില്‍ സത്യാവസ്ഥ ജനത്തെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുണ്ട്.ഇതൊക്കെ ശരിയാണെങ്കില്‍ ഇനി കേരളത്തില്‍ നരബലിയും നടന്നതായുള്ള വാര്‍ത്തകള്‍ക്ക് കാതോര്‍ക്കാം.പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്ക് വിധേയമാക്കിയെന്ന വാര്‍ത്ത കേരളത്തെ ഏറെ നാണക്കേടിലേക്ക് തള്ളിവിട്ടിരുന്നു.