രാജ്യത്ത് കോൺഗ്രസിന് ഭരണം ഉള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഭരണമുള്ള മൂന്നിടങ്ങളിൽ ഏറ്റവും പാർട്ടിക്ക് സ്വാധീനമുള്ളതും കർണാടകയിൽ തന്നെ. കേരളത്തിലുള്ളതിനേക്കാൾ സംഘർഷഭരിതമാണ് കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയം. തമ്മിൽ തല്ലും കുതുകാൽ വെട്ടലും തകൃതിയായി നടക്കുന്ന സംസ്ഥാനമാണെന്ന് സാരം. ഇപ്പോഴിതാ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കർണാടക കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാർ ഉടൻ കോൺഗ്രസ് വിടുമെന്ന പ്രവചനമാണ് ബിജെപി കേന്ദ്രങ്ങൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുമായാണ് ഡി.കെ. ശിവകുമാറിനെ ബിജെപി താരതമ്യപ്പെടുത്തിയത്.
ഷിൻഡെയെ പോലെ നിരവധി കോൺഗ്രസുകാരുണ്ട്. ഡി.കെ ശിവകുമാർ അവരിലൊരാളാകാമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോകയാണ് ആരോപിച്ചത്. ശിവകുമാർ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന പരോക്ഷ ആരോപണമാണ് അശോക ഉന്നയിച്ചത്. ഇത് കർണാടക രാഷ്ട്രീയത്തിൽ ചൂടൻ ചർച്ചകൾക്ക് വഴിവെക്കുന്നതായിരുന്നു. സംഘപരിവാർ ബന്ധം ആരോപിക്കപ്പെടുന്ന ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ശിവകുമാറിനെതിരെ അതൃപ്തി ഉയർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ആഘോഷത്തിലാണ് ശിവകുമാറും പങ്കെടുത്തത്. അതിന് മുമ്പ് പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയിലും ശിവകുമാർ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വം മഹാകുംഭമേളയ്ക്ക് അയിത്തം കല്‍പ്പിച്ച് മാറിനില്‍ക്കുന്നതിനിടെയാണ് ശിവകുമാര്‍ പുണ്യസ്നാനം നടത്തിയത്. ഇതിന് പിന്നാലെ പാർട്ടിയുമായി അകലുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപിയുടെ ആരോപണം.
ബിജെപിയുടെ ആരോപണങ്ങൾക്ക് അപ്പുറത്തേക്ക് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ കൂടുതൽ മൂർച്ഛിക്കുകയാണ്. താന്‍ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷന് സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയില്‍ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി മോഹന്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ശിവകുമാറിന്റെ മറുപടി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ഒരാളുടെ ക്ഷണം സംസ്ഥാന അധ്യക്ഷന്‍ സ്വീകരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നാണു മോഹന്റെ വിമര്‍ശനം. കർണാടകയിലെ മറ്റു നേതാക്കളും മോഹന്റെ വിമർശനം ഏറ്റെടുത്തിട്ടുണ്ട്. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അവകാശവാദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിച്ചത് ഡി.കെ ശിവകുമാറെന്ന നേതാവിന്റെ മികവായിരുന്നു. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. വലിയതോതിലുള്ള തർക്കങ്ങൾ ഉടലെടുത്തെങ്കിലും ദേശീയ നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെക്കുറെ കൈവിട്ടു പോകുമെന്ന സ്ഥിതിയിലാണ്. കോണ്‍ഗ്രസ് പാടില്ലെന്ന് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഡി.കെ. ശിവകുമാര്‍ ചെയ്യുന്നത്. മഹാകുംഭമേളയില്‍ മകള്‍ക്കൊപ്പം എത്തി മുങ്ങിക്കുളിക്കുന്നു. മഹാകുംഭമേളയില്‍ എത്തി ഗംഗയില്‍ മുങ്ങിക്കുളിച്ചാല്‍ ദാരിദ്ര്യം മാറുമോ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മഹാകുംഭമേളയെ അധിക്ഷേപിച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കാതിരുന്ന മഹാകുംഭമേളയില്‍ ഡി.കെ. ശിവകുമാര്‍ മകള്‍ ഐശ്വര്യശിവകുമാറുമായി എത്തുകയും ഗംഗ-യമുന-സരസ്വതി നദീസംഗമമായ ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. ശിവകുമാറിന്റെ മകള്‍ മഹാകുംഭമേളയെ വാഴ്ത്തിപ്പറയുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്റെ കര്‍ണ്ണാടകയിലെ കരുത്തിന്റെ നട്ടെല്ലും ബിജെപിയ്ക്കെതിരെ നിര്‍ഭയം വിമര്‍ശനമുയര്‍ത്തുകയും ചെയ്യുന്ന ഈ ലീഡറിന് എന്തുപറ്റി എന്ന ചോദ്യം ഉയരുകയാണ്.
ഡി.കെ. ശിവകുമാര്‍ ബിജെപിയിലേക്ക് നീങ്ങുന്നു എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളെ കഴിഞ്ഞ ദിവസം ശിവകുമാര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. താന്‍ എല്ലാക്കാലത്തും കോണ്‍ഗ്രസുകാരനായിരിക്കും എന്നാണ് ശിവകുമാര്‍ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുഴപ്പിക്കുകയാണ്. കർണാടകയിൽ കൂടി എന്തെങ്കിലും കോട്ടം സംഭവിച്ചാൽ കോൺഗ്രസ് അതിന് നൽകേണ്ടിവരുന്ന വില വളരെ വലുതാകും. അതുകൊണ്ടുതന്നെ ശിവകുമാറിനെ കൂടി വിശ്വാസത്തിൽ എടുത്തു കൊണ്ടാവും പാർട്ടി മുന്നോട്ടുപോവുക. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ ആരംഭിച്ചതായാണ് അറിയുന്നത്.