ചെന്നൈ: ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന് നിയമസഭയിൽ അറിയിച്ചു. ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ കറുപ്പ് ബാഡ്ജ് ധരിച്ചായിരുന്നു വ്യാഴാഴ്ച സഭയില്‍ എത്തിയത്.
വഖഫ് ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയ കാര്യം പരാമർശിച്ച സ്റ്റാലിൻ ബിജെപി ഒഴികെ എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ബില്‍ രാജ്യത്തെ മതസൗഹാര്‍ദത്തെ ഇല്ലാതാക്കുമെന്നും മുസ്ലിം സമുദായത്തെ മോശമായി ബാധിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. മാത്രമല്ല ബില്ലിനെ എതിര്‍ക്കണമെന്നല്ല, പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് നിലപാടെന്നും ബില്ലിനെ നിയമപരമായി എതിർക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.