കോട്ടയം: നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മണിമല, അച്ചൻകോവിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.